ന്യൂഡൽഹി: മൗജ്‌പൂർ, ജാഫ്രാബാദ് എന്നിവിടങ്ങളിലെ രണ്ട് മയക്കുമരുന്ന് നിർമാണ കേന്ദ്രങ്ങളിൽ ഡൽഹി പൊലീസിന്‍റെ റെയ്‌ഡ്. ഇവിടെ നിന്ന് ക്രൈംബ്രാഞ്ച് ബുധനാഴ്ച ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും 8.5 കിലോ കൊക്കെയ്ൻ പിടികൂടുകയും ചെയ്‌തു. തയ്യൽ യൂണിറ്റിന്‍റെ മറവിൽ മയക്കുമരുന്ന് നിർമാണ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി.
ആന്‍റി നാർക്കോട്ടിക് ടാസ്‌ക് ഫോഴ്‌സിന്‍റെ നേതൃത്തിലാണ് റെയ്‌ഡ് ആരംഭിച്ചത്. അറസ്റ്റിലായ ഏഴ് പേരിൽ ഒരാൾ അഫ്‌ഗാൻ പൗരനാണെന്നും ഇയാൾ മുഖേനയാണ് അഫ്‌ഗാനിസ്ഥാനിൽ നിന്ന് അസംസ്‌കൃത വസ്‌തുക്കൾ ലഭിക്കുന്നതെന്നും ക്രൈംബ്രാഞ്ച് സ്‌പെഷ്യൽ സി പി രവീന്ദ്ര സിംഗ് യാദവ് പറഞ്ഞു. അസംസ്‌കൃത വസ്‌തുക്കൾ കണ്ടെയ്‌നറുകളിലും കൊറിയറുകളിലും മരുന്നുകളുടെ പാക്കറ്റുകളിലാക്കി എത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജീൻസ് നിർമാണ, ഡൈയിങ് ഫാക്‌ടറിയെന്ന വ്യാജേനയാണ് മയക്കുമരുന്ന് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഇതിനാൽ തന്നെ രാസവസ്‌തുക്കളുടെ ഇറക്കുമതിയും, മയക്കുമരുന്ന് നിർമാണത്തിന്‍റെ മണവും പുറം ലോകമറിഞ്ഞില്ല.
ഡൽഹി, മഹാരാഷ്‌ട്ര, പഞ്ചാബ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഇവരുടെ ശൃംഖല വ്യാപിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിന് ഒരു ദിവസം മുമ്പ് സംഘം പഞ്ചാബിലേക്ക് മയക്കുമരുന്ന് അയച്ചിരുന്നതായി പ്രാഥമിക ചോദ്യം ചെയ്യലിൽ വ്യക്തമായി. 'പഞ്ചാബിൽ ഈ കച്ചവടം നടത്തുന്ന രണ്ട് പേരെയും ഞങ്ങൾ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇരുവരുടെയും പേരുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കേസിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നു,' പൊലീസ് മാധ്യമങ്ങളോട് വ്യക്തമാക്കി.
മൊത്തവിതരണത്തിനൊപ്പം ചില്ലറ വിലയ്ക്ക് മയക്ക് മരുന്നുകൾ വിൽക്കുകയും ചെയ്യുന്നുണ്ട്. പ്രധാനമായും പ്രായപൂർത്തിയാകാത്ത കുട്ടികളാണ് ചെറുകിട വിതരണം നടത്തുന്നത്. ഇത്തരത്തിലുള്ള ഇവരുടെ വിതരണക്കാരിൽ ഒരാളായ പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തെരുവിൽ ചെറിയ പൊതികളിലാക്കി എങ്ങനെയാണ് മയക്കുമരുന്ന് വിൽക്കുന്നതെന്ന് ആൺകുട്ടി പൊലീസിന് വിശദീകരിച്ചു. ഡൽഹിയിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന നേഹ, ആശ എന്നീ രണ്ട് സ്ത്രീകളെക്കുറിച്ചും പൊലീസിന് സൂചനയുണ്ട്. ഇരുവരും ഒളിവിലാണ്, ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.