ന്യൂഡൽഹി: ആഗോളതലത്തില്‍ വായു മലിനീകരണമുളള തലസ്ഥാന നഗരങ്ങളില്‍ ഡൽഹി ഒന്നാമതെന്ന് പഠനം. സ്വിസ് സംഘടനയായ ഐക്യൂഎയർ ( IQAir) ചൊവ്വാഴ്ച്ച പുറത്തിറക്കിയ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ടിലാണ് വിലയിരുത്തൽ. സംഘടന തെരഞ്ഞെടുത്ത 50 രാജ്യങ്ങളിൽ ബംഗ്ളാദേശ്, ചൈന, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളുമുണ്ട്.
വായുമലിനീകരണം ഏറ്റവും മോശമായ രാജ്യങ്ങളില്‍ ബംഗ്ലാദേശാണ് ഏറ്റവും മുന്നിലുള്ളത്. തൊട്ടുപിന്നാലെ പാകിസ്ഥാനും ഇന്ത്യയും ഇടംപിടിച്ചിട്ടുണ്ട്.തലസ്ഥാന നഗരങ്ങളുടെ പട്ടികയില്‍ ഡൽഹിയാണ് ഒന്നാമത്.
2019 ൽ ഇന്ത്യയിലെ ചില നഗരങ്ങളില്‍ വായുമലിനീകരണ തോത് കുറഞ്ഞെങ്കിലും നിലവില്‍ ആശങ്ക ജനിപ്പിക്കുന്ന അവസ്ഥയിലാണ്. ലോകത്ത് എറ്റവും മോശമായ വായുഗുണനിലവാരമുള്ള മുപ്പത് നഗരങ്ങളും ഇന്ത്യയിലാണ് സ്ഥിതിചെയ്യുന്നത് എന്ന് റിപ്പോർട്ടിലുണ്ട് . മോട്ടോർ വാഹനങ്ങൾ, വ്യവസായശാലകൾ, കൃഷി അവശിഷ്ട്ങ്ങൾ കത്തിക്കല്‍ , മാലിന്യം കത്തിക്കൽ എന്നിവയാണ് ഇന്ത്യയില്‍ വായു മലിനമാക്കപ്പെടുന്നതിന്‍റെ പ്രധാന കാരണങ്ങള്‍. പഞ്ചാബിൽ കൃഷി അവശിഷ്ട്ങ്ങള്‍ കത്തിക്കുന്നതാണ് ഡല്‍ഹിയില്‍ വായു മലിനീകരിക്കപ്പെടുന്നതിന്‍റെ പ്രധാന കാരണമായി പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.