ന്യൂഡല്‍ഹി: 15 വർഷത്തിന് ശേഷം ഡല്‍ഹി മുനിസിപ്പൽ കോർപ്പറേഷനിലെ (എംസിഡി) ബിജെപി ഭരണം തൂത്തെറിഞ്ഞ് ആം ആദ്‌മി പാര്‍ട്ടിയുടെ മുന്നേറ്റം. ആകെയുള്ള 250 സീറ്റില്‍ 133 എണ്ണത്തിലും വിജയിച്ച് കേവല ഭൂരിപക്ഷമായ 126 മറികടക്കാന്‍ ആം ആദ്‌മി പാര്‍ട്ടിക്കായി. ബിജെപി കുത്തകയാക്കി വച്ചിരുന്ന എംസിഡിയില്‍ 104 സീറ്റുകള്‍ നേടാനേ ഇത്തവണ ആ പാര്‍ട്ടിക്കായുള്ളൂ.
ALSO READ| എംസിഡി തെരഞ്ഞെടുപ്പ് : ഡൽഹിയിൽ പൊരിഞ്ഞ പോരാട്ടം, ആം ആദ്‌മി പാർട്ടിയും ബിജെപിയും ഇഞ്ചോടിഞ്ച്
തെരഞ്ഞെടുപ്പ് ചിത്രത്തില്‍ എവിടെയുമില്ലാത്ത സ്ഥിതിയായിരുന്നു കോണ്‍ഗ്രസിന്. വെറും ഒന്‍പത് സീറ്റ് മാത്രമാണ് കോണ്‍ഗ്രസ് നേടിയത്. ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മൂന്ന് സീറ്റിലാണ് മറ്റുള്ളവർ വിജയിച്ചത്. ഡല്‍ഹി മുനിസിപ്പൽ കോർപ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി 91ൽ കൂടുതൽ സീറ്റുകൾ നേടില്ലെന്നായിരുന്നു എക്‌സിറ്റ്‌പോള്‍ പ്രവചനം. എന്നാല്‍, പ്രവചനത്തേക്കാള്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയ്‌ക്കായി.
കനത്ത നിരാശയില്‍ ബിജെപി ക്യാമ്പുകള്‍: വടക്കുകിഴക്കൻ ഡൽഹിയിലെ സീലംപൂര്‍, ഷക്കീല ബീഗം ഉൾപ്പെടെയുള്ള മൂന്നിടങ്ങളിലാണ് സ്വതന്ത്ര സ്ഥാനാർഥികള്‍ വിജയക്കൊടി പാറിച്ചത്. ഷീല ദീക്ഷിത് 2012ല്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ മൂന്നായി വിഭജിച്ച ഡല്‍ഹി കോര്‍പ്പറേഷന്‍ ഈ വര്‍ഷം ആദ്യമാണ് പുനഃസ്ഥാപിച്ചത്. ശേഷമുള്ള, ആദ്യ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ പാര്‍ട്ടിയ്‌ക്കായതിന്‍റെ അഭിമാനത്തിലാണ് ആം ആദ്‌മി പാര്‍ട്ടി.
ഇക്കാരണം കൊണ്ടുതന്നെ ഉച്ചഭാഷിണികളിൽ ദേശഭക്തി ഗാനങ്ങൾ മുഴക്കുകയും വർണങ്ങള്‍ വാരിവിതറുകയും ബലൂണുകൾകൊണ്ട് പാര്‍ട്ടി ഓഫിസുകള്‍ അലങ്കരിക്കുകയും ചെയ്‌ത് വന്‍ ആഹ്ളാദപ്രകടനമാണ് എഎപി നടത്തുന്നത്. എന്നാല്‍, രാജ്യത്തെ ഭരണസിരാകേന്ദ്രത്തിലുള്ള മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൈവിട്ടുപോയതിന്‍റെ കനത്ത നിരായിലാണ് ബിജെപി ക്യാമ്പ്. ഡിസംബർ നാലിന് നടന്ന എംസിഡി വോട്ടെടുപ്പിൽ 50.48% മാത്രമാണ് പോളിങ് രേഖപ്പെടുത്തിയിരുന്നത്.