ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ ശ്‌മശാനങ്ങളുടെ ലഭ്യത, പ്രധാന മരുന്നുകൾ, ആശുപത്രി കിടക്കകൾ, മെഡിക്കൽ ഓക്സിജൻ എന്നിവ സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും ഏജൻസികളിൽ നിന്നും കർമ പദ്ധതി ആവശ്യപ്പെട്ട് ഡൽഹി ലഫ്റ്റനന്‍റ് ഗവർണർ അനിൽ ബായ്‌ജൽ. ആളുകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കമെന്ന് എൽജി ഓഫീസ് ട്വിറ്ററിൽ കുറിച്ചു.
ഡൽഹി സർക്കാരിനോടും ബന്ധപ്പെട്ട വകുപ്പുകളോടും കൂടി എൽജി ഓഫീസ് കർമ്മ പദ്ധതി സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്തിടെ വിരമിച്ച ഡോക്ടർമാരെയും മറ്റ് പാരാമെഡിക്കൽ ഉദ്യോഗസ്ഥരെയും വീണ്ടും ആവശ്യമുള്ളിടത്ത് നിയമിക്കാനുള്ള സാധ്യതയും എൽജി നിർദേശിച്ചിട്ടുണ്ട്. ദേശീയ തലസ്ഥാനത്ത് കൊവിഡ് കേസുകളിൽ വൻ ഉയർച്ച ഉണ്ടായത് ആശുപത്രി കിടക്കകൾ, മെഡിക്കൽ ഓക്സിജൻ, രോഗികൾക്കുള്ള മരുന്നുകൾ എന്നിവയുടെ കുറവിന് കാരണമായി.
അതേസമയം, ഡൽഹിയിലെ പുതിയ കൊവിഡ് കേസുകൾ ഞായറാഴ്ച കുറഞ്ഞ് 20,394 ആയി. എന്നാൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നഗരത്തിൽ 407 പേർ മരിച്ചു. തുടർച്ചയായ രണ്ടാമത്തെ ദിവസമാണ് ഡൽഹിയിൽ 400 ലധികം പേർ മരിക്കുന്നത്. 92,290 സജീവ കേസുകളും 10,85,690 രോഗമുക്തിയും ഉൾപ്പെടെ നഗരത്തിലെ ആകെ കേസുകളുടെ എണ്ണം 11,94,946 ആയി ഉയർന്നു. മരണസംഖ്യ 16,966 ആയി.