ന്യൂഡല്‍ഹി : മേയറെ തെരഞ്ഞെടുക്കുന്നതിനായി ഫെബ്രുവരി 22ന് ഡല്‍ഹി മുന്‍സിപ്പല്‍ സഭ ചേരുന്നതിനുള്ള അനുമതി നല്‍കി ലെഫ്‌റ്റനന്‍റ് ഗവര്‍ണര്‍ വി കെ സക്‌സേന. മേയര്‍ തെരഞ്ഞെടുപ്പ് നടത്താനായി മേല്‍പ്പറഞ്ഞ ദിവസം ഡല്‍ഹി മുന്‍സിപ്പല്‍ സഭ കൂടാന്‍ അനുമതി നല്‍കണമെന്ന ശുപാര്‍ശ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അദ്ദേഹത്തിന് നല്‍കിയിരുന്നു.
മേയര്‍, ഡെപ്യൂട്ടി മേയര്‍, സ്‌റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുക്കുന്നതിനുള്ള തീയതി നിശ്ചയിക്കാനുള്ള ഡല്‍ഹി മുന്‍സിപ്പല്‍ കമ്മിഷന്‍റെ യോഗം ചേരുന്നതിനായി 24 മണിക്കൂറിനുള്ളില്‍ നോട്ടിസ് പുറപ്പെടുവിക്കണമെന്ന് ഇന്നലെ(17.02.2023) സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ലെഫ്‌റ്റനന്‍റ് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്‌ത അംഗങ്ങള്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവകാശമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
പിന്നാലെ, എംസിഡി(Municipal Corporation of Delhi) മേയര്‍ തെരഞ്ഞെടുപ്പ് ഫെബ്രുവരി 22ന് നടത്താന്‍ ലെഫ്‌റ്റനന്‍റ് ഗവര്‍ണറോട് ശുപാര്‍ശ ചെയ്‌തുവെന്ന് അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്‌തിരുന്നു. അദ്ദേഹം നാമനിര്‍ദേശം ചെയ്‌ത അംഗങ്ങള്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വേണമെന്നായിരുന്നു ബിജെപിയുടെ നിലപാട്. എന്നാല്‍ ഇതിനെ എതിര്‍ത്ത് ആം ആദ്‌മി പാര്‍ട്ടി രംഗത്ത് വരികയായിരുന്നു.
ഇരു പാര്‍ട്ടികളും തമ്മിലുള്ള തര്‍ക്കം കാരണമാണ് മേയര്‍ തെരഞ്ഞെടുപ്പ് നടത്താന്‍ പറ്റാത്ത സാഹചര്യം ഉണ്ടായത്. തുടര്‍ന്ന് ആം ആദ്‌മി പാര്‍ട്ടി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.