ന്യൂഡല്‍ഹി: കാറിടിച്ച് 13 കിലോമീറ്റര്‍ വലിച്ചിഴക്കപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹി സുല്‍ത്താന്‍പുരില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പുതുവത്സര ദിനത്തിലുണ്ടായ സംഭവത്തില്‍, അപകടം നടക്കുന്നതിന് തൊട്ടുമുന്‍പ് മരിച്ച അഞ്ജലി സിങ് (20) മറ്റൊരു യുവതിക്കൊപ്പം സ്‌കൂട്ടറില്‍ കയറുന്ന സിസിടിവി ദൃശ്യമടക്കം പുറത്തുവന്നിട്ടുണ്ട്. ഈ ദാരുണ സംഭവവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ നോക്കാം.
- 'യുവതിയെ ഇടിച്ചതിനുശേഷം കാറില്‍ എന്തോ കുരുങ്ങിയതായി സംശയമുണ്ടായിരുന്നു. എന്നാല്‍, സുഹൃത്തുക്കൾ വാഹനം ഓടിക്കാന്‍ പറഞ്ഞതിനെ തുടര്‍ന്ന് അത് അനുസരിക്കുകയാണ് ഉണ്ടായത്' - കാറോടിച്ച ദീപക് ഖന്ന ഇങ്ങനെ മൊഴി നല്‍കിയതായി പൊലീസ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. നമുക്ക് ഒന്ന് പരിശോധിച്ച് നോക്കാമെന്ന് ദീപക് പറഞ്ഞെങ്കിലും ഒന്നും സംഭവിച്ചിട്ടില്ലെന്നായിരുന്നു കാറിലുണ്ടായിരുന്ന മറ്റ് പ്രതികള്‍ ഇയാളോട് പറഞ്ഞതെന്നും പൊലീസ്.
- ഡല്‍ഹി മംഗോല്‍പുരിയിലെ ബിജെപി നേതാവായ മനോജ് മിത്തല്‍ (27) ഉള്‍പ്പെടെ അഞ്ച് പേരാണ് സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടത്. തങ്ങള്‍ സഞ്ചരിച്ച വാഹനം 13 കിലോമീറ്ററോളം യുവതിയെ വലിച്ചിഴച്ചുവെന്ന കാര്യം അറിഞ്ഞില്ലെന്നാണ് ഇവര്‍ പറഞ്ഞത്. മരിച്ച അഞ്ജലി സിങ്ങിന്‍റെ മൃതദേഹം ഒന്നാം തിയതി പുലർച്ചെയാണ് സുല്‍ത്താന്‍പുരില്‍ നിന്നും കണ്ടെത്തിയത്. ദേഹത്ത് വസ്‌ത്രമില്ലാതെ റോഡിൽ വികൃതമായ നിലയിലായിരുന്നു. അമിത് ഖന്ന, മനോജ് മിത്തൽ, കൃഷൻ, മിഥുൻ എന്നിവരാണ് മറ്റ് പ്രതികള്‍.
- ഇവന്‍റ് മാനേജ്‌മെന്‍റ് കമ്പനിയിൽ ജോലി ചെയ്‌തിരുന്ന മരിച്ച അഞ്ജലി, ഡ്യൂട്ടി കഴിഞ്ഞ് ഹോട്ടലില്‍ നിന്നും വീട്ടിലേക്ക് മടങ്ങവെയാണ് സംഭവം. ഇവര്‍ മറ്റൊരു യുവതിക്കൊപ്പം സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്‌ത സ്ഥലത്തേക്ക് വരുന്നതും പുറമെ വാഹനത്തില്‍ ഒരുമിച്ചുപോകുന്നതും പുറത്തുവന്ന പുതിയ സിസിടിവി ദൃശ്യത്തിലുണ്ട്.
- പുറത്തുവന്ന ഈ സിസിടിവി ദൃശ്യത്തില്‍, സ്‌കൂട്ടര്‍ ഓടിച്ചിരുന്നത് നിധി എന്ന യുവതിയാണ്. അഞ്ജലി സ്‌കൂട്ടറിന്‍റെ പിറകില്‍ ഇരിക്കുകയാണുണ്ടായത്. അപകടത്തിന് മുന്‍പ് അഞ്ജലിയാണ് വാഹനം ഓടിച്ചത്. നിധിയ്‌ക്കും സംഭവത്തില്‍ പരിക്കേറ്റെന്നും തുടര്‍ന്ന് അപകട സ്ഥലത്തുനിന്നും ഇവര്‍ ഓടി രക്ഷപ്പെട്ടെന്നും ഡല്‍ഹി പൊലീസ്. അഞ്ജലി ജോലി ചെയ്‌തിരുന്ന ഹോട്ടലിലെ മാനേജർ പറയുന്നതനുസരിച്ച്, അവിടെ നിന്നും നിന്ന് ഇറങ്ങുന്നതിന് മുന്‍പ് അഞ്ജലിയും നിധിയും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇക്കാരണത്താല്‍, ഈ യുവതിയെ കണ്ടെത്തി മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
- 13 കിലോമീറ്റർ കാറില്‍ വലിച്ചിഴച്ച ശേഷം, വാഹനം യു-ടേൺ എടുക്കുന്നതിനിടയിൽ പ്രതികളിലൊരാൾ അഞ്ജലിയുടെ കൈ കണ്ടു. ഈ സമയം, സുല്‍ത്താന്‍പുരിയിലെ കാഞ്ജവാല ജോണ്ടി ഗ്രാമത്തിൽ കാര്‍ നിർത്തി. തുടർന്ന്, മൃതദേഹം കാറില്‍ നിന്നും മാറ്റി റോഡിൽ ഉപേക്ഷിച്ച് സ്ഥലം വിടുകയായിരുന്നു. കൊലപാതകത്തിന് തുല്യമല്ലാത്ത മനഃപൂർവമായ നരഹത്യ, അശ്രദ്ധമൂലമുള്ള മരണം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഞായറാഴ്‌ച രാത്രി ഇവരെ അറസ്റ്റുചെയ്‌തത്.
- മൃതദേഹം വലിച്ചിഴയ്ക്കുന്നത് കണ്ട് വിളിച്ചുപറഞ്ഞെങ്കിലും കാർ നിർത്തിയില്ലെന്ന് ദൃക്‌സാക്ഷി പൊലീസിന് മൊഴി നല്‍കി. ഈ വാഹനത്തെ കുറച്ചുനേരം പിന്തുടര്‍ന്നെന്നും ഇയാള്‍ പറഞ്ഞു. ദൃക്‌സാക്ഷിയാണ് പൊലീസ് കൺട്രോൾ റൂമില്‍ ആദ്യമായി വിളിച്ച് വിവരം അറിയിച്ചത്. ഈ വിവരം പൊലീസിന് കിട്ടി അരമണിക്കൂറിന് ശേഷമാണ് അഞ്ജലിയുടെ സ്‌കൂട്ടര്‍ കണ്ടെത്തിയത്. പുലർച്ചെ നാല് മണിയോടെയാണ് മൃതദേഹം കണ്ടെടുത്തത്.
- അപകടത്തിനുശേഷം യുവതിയുടെ കാര്‍ ആക്‌സിലിൽ കുടുങ്ങുകയായിരുന്നു. ഇങ്ങനെയാണ് 13 കിലോമീറ്ററോളം വലിച്ചിഴച്ചത്. ലൈംഗികാതിക്രമം നടന്നതായുള്ള സംശയം അഞ്ജലിയുടെ കുടുംബം ആരോപിച്ചിരുന്നെങ്കിലും ഇന്ന് പുറത്തുവന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ ഇത് ശരിവയ്‌ക്കുന്നതല്ല.