ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ, എംപി പർവേശ് വര്‍മ, മറ്റ് ബിജെപി നേതാക്കള്‍ എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ച വിചാരണക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്‌ത് കൊണ്ടുള്ള ഹര്‍ജിയില്‍ നാളെ ഡല്‍ഹി ഹൈക്കോടതി വിധി പ്രസ്‌താവിക്കും. ബിജെപി നേതാക്കൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും ഇക്കാര്യം അന്വേഷിക്കാൻ പൊലീസിനോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്യുന്നതെന്നും ചൂണ്ടികാട്ടി സിപിഎം നേതാക്കളായ ബൃന്ദ കാരാട്ടും കെ.എം തിവാരിയുമാണ് ഹർജി നല്‍കിയത്. ഹർജിയില്‍ വാദം പൂര്‍ത്തിയാക്കിയ ശേഷം മാര്‍ച്ച് 25ന് ജസ്റ്റിസ് ചന്ദ്ര ധാരി സിങ് വിധി പറയാനായി മാറ്റിവച്ചിരുന്നു.
ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗം: അനുരാഗ് ഠാക്കൂറും പര്‍വേശ് വർമയും ആളുകളെ പ്രകോപിപ്പിക്കാൻ ശ്രമിച്ചുവെന്നും അതിന്‍റെ ഫലമായി ഡൽഹിയിലെ രണ്ട് വ്യത്യസ്‌ത പ്രതിഷേധ സ്ഥലങ്ങളിൽ മൂന്ന് വെടിവയ്പ്പ് സംഭവങ്ങള്‍ നടന്നുവെന്നും വിചാരണ കോടതിയിൽ നൽകിയ പരാതിയിൽ സിപിഎം നേതാക്കള്‍ ആരോപിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള മുദ്രാവാക്യമുയര്‍ത്താന്‍ 2020 ജനുവരി 27ന് നടന്ന റിതാല റാലിയില്‍ അനുരാഗ് ഠാക്കൂര്‍ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചു. 2020 ജനുവരി 28ന് പര്‍വേശ് വർമ പ്രതിഷേധിക്കാർക്കെതിരെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു.
153 എ, 153 ബി, 295 എ ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം ബിജെപി നേതാക്കള്‍ക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്യണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്. ഐപിസി വകുപ്പുകള്‍ 298, 504, 505, 506 തുടങ്ങിയവ പ്രകാരവും കുറ്റം ചുമത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ കുറ്റങ്ങള്‍ക്ക് ലഭിക്കുന്ന പരമാവധി ശിക്ഷ ഏഴ് വര്‍ഷം ജയില്‍ തടവാണ്. പൊലീസ് കമ്മിഷണർ, പാർലമെന്‍റ് സ്ട്രീറ്റ് എസ്എച്ച്ഒ എന്നിവർക്ക് രേഖാമൂലം പരാതി നൽകിയിട്ടും പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടർന്നാണ് ഹർജിക്കാർ വിചാരണ കോടതിയെ സമീപിച്ചത്. എന്നാല്‍ 2021 ഓഗസ്റ്റ് 26ന് കേന്ദ്ര സർക്കാരിൽ നിന്ന് ആവശ്യമായ അനുമതി ലഭിച്ചിട്ടില്ലെന്ന് ചൂണ്ടികാട്ടി വിചാരണ കോടതി പരാതി തള്ളുകയായിരുന്നു.