ന്യൂഡൽഹി : 'ഇന്ത്യ - ദ മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്‍ററി അപകീർത്തി കേസിൽ ബ്രിട്ടീഷ് ബ്രോഡ്‌കാസ്റ്റിങ് കോർപറേഷന് (ബിബിസി) സമൻസ് അയച്ച് ഡൽഹി ഹൈക്കോടതി. ഇന്ത്യയുടേയും രാജ്യത്തെ ജുഡീഷ്യറിയുടേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും യശസ്സിനെ അപകീർത്തിപ്പെടുത്തുന്നതാണ് ഡോക്യുമെന്‍ററിയെന്നാണ് കേസിൽ പറയുന്നത്. വരുന്ന സെപ്‌റ്റംബർ 15ന് കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി ലിസ്റ്റ് ചെയ്‌തു.
ജസ്റ്റിസ് സച്ചിൻ ദത്തയാണ്, മാനനഷ്‌ട കേസില്‍ വാദം കേട്ടത്. ബിബിസിയുടെ യുകെയിലേയും ഇന്ത്യയിലേയും ഓഫിസുകൾക്ക് നോട്ടിസ് അയയ്ക്കാന്‍ ഉത്തരവിട്ടത് ഈ ജഡ്‌ജാണ്. ഗുജറാത്ത് ആസ്ഥാനമായുള്ള ജസ്റ്റിസ് ഫോർ ട്രയൽ എന്ന എന്‍ജിഒ ആണ് മാനനഷ്‌ട കേസ് ഫയൽ ചെയ്‌തത്. ഈ കേസിൽ പ്രതികരണം ഫയൽ ചെയ്യാൻ ഹൈക്കോടതി ബിബിസിയോട് നിർദേശിച്ചു. ഇന്ത്യയേയും രാജ്യത്തെ ജുഡീഷ്യറിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അപകീർത്തിപ്പെടുത്തുന്നതാണ് ഡോക്യുമെന്‍ററിയെന്ന് എൻജിഒയെ പ്രതിനിധീകരിച്ച് വാദിച്ച മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ കോടതിയില്‍ ആരോപിച്ചു.
ALSO READ | വിദേശ ഫണ്ടിങ്ങില്‍ ക്രമക്കേടെന്ന് ആരോപണം : ബിബിസിക്കെതിരെ കേസെടുത്ത് ഇഡി
നേരത്തെ, ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ് ആക്‌ട് (ഫെമ) പ്രകാരം വിദേശ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ആരോപിച്ച് ബിബിസി ഇന്ത്യയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) കേസെടുത്തിരുന്നു. വിവാദ ഡോക്യുമെന്‍ററിയാണ് ഇഡി നടപടിക്ക് കാരണമെന്ന് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളും രാഷ്‌ട്രീയ നിരീക്ഷകരും ഒരുപോലെ ആരോപിച്ചിരുന്നു. ഡോക്യുമെന്‍ററി രാജ്യത്തിന്‍റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചതായി കേന്ദ്ര സർക്കാർ വിമർശിച്ചിരുന്നു.
രൂക്ഷവിമര്‍ശനവുമായി പിസിഐ: ബിബിസിയുടെ ന്യൂഡല്‍ഹി, മുംബൈ ഓഫിസുകളില്‍ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തിയപ്പോള്‍ ഇതിനെ അപലപിച്ച് മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്‌മയായ പ്രസ് ക്ലബ് ഓഫ് ഇന്ത്യ (പിസിഐ) രംഗത്തെത്തിയിരുന്നു. സർക്കാർ ഏജൻസികൾ മാധ്യമങ്ങൾക്കെതിരെ നടത്തുന്ന കടന്നാക്രമണങ്ങള്‍ അടുത്തിടെ വര്‍ധിച്ചിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായുള്ളതാണ് ബിബിസിക്കെതിരായുള്ള ഈ റെയ്‌ഡെന്ന് പിസിഐ ഫെബ്രുവരി 14ന് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
മാധ്യമങ്ങളെ സർക്കാർ ശത്രുക്കളായി കാണുന്നു. മാധ്യമങ്ങളെ ഭയപ്പെടുത്താന്‍ അധികാരം ദുരുപയോഗം ചെയ്യുന്നതിൽ നിന്ന് ഏജൻസികളെ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രിക്കേണ്ടതുണ്ടെന്നും പിസിഐ വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടി. ബിബിസിയുടെ 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' എന്ന രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്‍ററി സംപ്രേഷണം ചെയ്‌തതിന് ആഴ്‌ചകൾക്ക് ശേഷമാണ് വകുപ്പിന്‍റെ നടപടി. ഇതുമായി ബന്ധപ്പെട്ട് സർക്കാരിന് വിയോജിപ്പുണ്ടെങ്കില്‍ ബന്ധപ്പെട്ട ഓഫിസുമായി നേരിട്ട് സംസാരിച്ച് പരിഹരിക്കുകയാണ് വേണ്ടതെന്ന് പിസിഐ പ്രസ്‌താവനയിലൂടെ ചൂണ്ടിക്കാട്ടി.
ALSO READ | ബിബിസി പഞ്ചാബി ന്യൂസിന്‍റെ ട്വിറ്റർ അക്കൗണ്ടിന് ഇന്ത്യയിൽ വിലക്ക്
ബിബിസിയുടെ ന്യൂഡല്‍ഹി, മുംബൈ ഓഫിസുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്‌ഡിനെ ന്യായീകരിച്ച് ബിജെപി രംഗത്തെത്തി. ബിബിസി അഴിമതി കോര്‍പറേഷനാണ്. പ്രത്യേക ഉദ്ദേശത്തോടെ കോണ്‍ഗ്രസിന്‍റെ പിന്തുണയോടെയാണ് ബിബിസി പ്രവര്‍ത്തിക്കുന്നതെന്നും ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ ഡല്‍ഹിയില്‍ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.