ന്യൂഡൽഹി: സ്വകാര്യ വാഹനങ്ങളിൽ മാസ്ക് ധരിക്കേണ്ടത് നിർബന്ധമാക്കി ഡൽഹി ഹൈക്കോടതി. മാസ്ക് ധരിക്കാതെ സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഏർപ്പെടുത്തിയ പിഴക്കെതിരെ സമർപ്പിച്ച നാല് ഹർജിയും ഡൽഹി ഹൈക്കോടതി തള്ളി. കൊവിഡ് പകർച്ചവ്യാധിക്കെതിരെയുള്ള 'സുരക്ഷ കവച്' ആണ് മാസ്ക് എന്ന് കോടതി വ്യക്തമാക്കി. പൊതു ഇടങ്ങൾ, മുതിർന്ന പൗരമാർ ഉള്ള സ്ഥലങ്ങൾ, കൊവിഡ് വാക്‌സിൻ സ്വീകരിക്കുമ്പോഴും മാസ്ക് ധരിക്കേണ്ട ആവശ്യകതയെപ്പറ്റിയും കോടതി ഊന്നിപ്പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 1.15 ലക്ഷം പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് കോടതിയുടെ ഉത്തരവ്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്ത് 1,15,736 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 630 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഏപ്രിൽ അഞ്ചിന് ശേഷമുള്ള ഉയർന്ന പ്രതിദിന വർധനവാണിത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,28,01,785 ആയി. 8,43,473 സജീവ രോഗ ബാധിതരാണ് നിലവിലുള്ളത്. 59,856 പേർക്ക് രോഗം ഭേദമായി. വൈറസ് ബാധിച്ച് ഇതുവരെ 1,66,177 പേർ മരിച്ചു. രാജ്യത്ത് 8,70,77,474 പേരാണ് ഇതുവരെ വാക്‌സിൻ സ്ഥീകരിച്ചത്.