ന്യൂഡൽഹി: ഭാരതീയ ജനത പാർട്ടി നേതാവും മുൻ രാജ്യസഭ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമിയോട് ഔദ്യോഗിക വസതി ഒഴിയണമെന്ന് ഡല്‍ഹി ഹൈക്കോടതി. ഇതിനായി ആറാഴ്‌ചത്തെ സമയവും അനുവദിച്ചു. സുരക്ഷ ഭീഷണി കണക്കിലെടുത്താണ് 2016ൽ കേന്ദ്ര സർക്കാർ അഞ്ച് വർഷത്തേക്ക് ഔദ്യോഗിക വസതി അനുവദിച്ചത്. തുടർന്ന് രാജ്യസഭ എംപി എന്ന നിലയിലുള്ള കാലാവധി 2022 ഏപ്രിലിൽ അവസാനിച്ചു.
കാലവധി അവസാനിച്ചതിന് ശേഷവും സുരക്ഷ കാരണങ്ങൾ മുൻനിർത്തി സർക്കാർ വസതി ആവശ്യപ്പെടുകയായിരുന്നു അദ്ദേഹം. ഹർജിക്കാരന് സ്വന്തമായ സ്വകാര്യ സ്വത്ത് ഉണ്ടെന്നും അവിടേക്ക് മാറണമെന്നും ബെഞ്ച് പറഞ്ഞു. ഹർജിക്കാരൻ ഇസഡ് കാറ്റഗറി സംരക്ഷകനായതിനാൽ പ്രൊട്ടക്‌റ്റിംഗ് ഏജൻസി, ഹർജിക്കാരന്‍റെ സ്വകാര്യ വസതിയിൽ സുരക്ഷ ഉറപ്പാക്കും. ഔദ്യോഗിക വസതി ആറാഴ്‌ചയ്ക്കുള്ളിൽ എസ്റ്റേറ്റ് ഓഫീസർക്ക് നൽകണമെന്ന് ജസ്റ്റിസ് യശ്വന്ത് വർമ്മ നിർദ്ദേശിച്ചു.
സ്വാമിയുടെ ഹർജി തീർപ്പാക്കുന്നതിനിടെയാണ് ഹൈക്കോടതി ഉത്തരവ്. ഇസഡ് കാറ്റഗറി സംരക്ഷകനായതിനാൽ സുരക്ഷ ഭീഷണി കണക്കിലെടുത്ത് സർക്കാർ വസതി വീണ്ടും അനുവദിക്കണമെന്നായിരുന്നു സുബ്രഹ്മണ്യ സ്വാമിയുടെ ഹർജി. ആഭ്യന്തര മന്ത്രാലയത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ (എഎസ്‌ജി) സഞ്ജയ് ജെയിൻ ഹർജിക്കാരന് താമസസ്ഥലം വീണ്ടും അനുവദിക്കുന്നത് പ്രായോഗികമായി സാധ്യമല്ലെന്ന് വാദിച്ചു.
എഎസ്‌ജിയുടെ വാദം: ഡൽഹിയിലെ നിസാമുദീൻ ഈസ്റ്റിൽ ഹർജിക്കാരന് സ്വന്തമായി വീടുണ്ടെന്ന് എഎസ്‌ജി ചൂണ്ടിക്കാട്ടി. താമസ സൗകര്യം ആവശ്യമുള്ള മന്ത്രിമാരും കൗൺസിലർമാരും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹർജിക്കാരൻ ഇപ്പോഴും ഇസഡ് കാറ്റഗറി സംരക്ഷകനാണ്. അദ്ദേഹത്തിന് നൽകിയ സുരക്ഷ പരിരക്ഷ താഴ്‌ത്തിയിട്ടില്ലെന്നും എഎസ്‌ജി വാദിച്ചു. സുരക്ഷ ഭീഷണി മുൻനിർത്തി അദ്ദേഹത്തിന് ഔദ്യോഗിക വസതിയിൽ താമസ സൗകര്യം നൽകേണ്ടതില്ല. താമസ സൗകര്യം വീണ്ടും അനുവദിക്കാൻ കഴിയില്ലെങ്കിലും സംരക്ഷണ ഏജൻസികൾ സ്വാമിയുടെ നിസാമുദീനിലെ സ്വകാര്യ വസതിയിൽ സേവനം നൽകുമെന്നും എഎസ്‌ജി ജെയിൻ കോടതിയെ അറിയിച്ചു. പബ്ലിക് പ്രിമൈസസ് ആക്‌ട് അനുസരിച്ച് സ്വാമിയെ പ്രസ്‌തുത സ്ഥലത്തെ അനധികൃത താമസക്കാരനായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.