ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സെൻട്രൽ വിസ്തയുടെ നിര്‍മാണ പ്രവർത്തനങ്ങൾ താൽകാലികമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി.
തൊഴിലാളികൾ നിർമാണ സ്ഥലത്ത് തന്നെ തുടരുന്നതിനാൽ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കേണ്ട ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. ഡൽഹി ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവിൽ എവിടെയും നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ ബെഞ്ച് അപേക്ഷ രാഷ്ട്രീയ പ്രേരിതമാണെന്നും യഥാർഥ പൊതുതാൽപര്യ വ്യവഹാരമല്ലെന്നും അഭിപ്രായപ്പെടുകയും ഹർജിക്കാർക്കെതിരെ ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.
Read More: സെൻട്രൽ വിസ്ത : നിർമാണം നിർത്തണമെന്ന ഹർജിയിൽ വിധി നാളെ
ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് ജ്യോതി സിങ് എന്നിവരടങ്ങിയ ബഞ്ചാണ് വിധി പറഞ്ഞത്. കൊവിഡ് സമയത്ത് നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് വിവർത്തകയായ അന്യ മൽഹോത്രയും ചരിത്രകാരനും ഡോക്യുമെന്‍ററി ഫിലിം മേക്കറുമായ സൊഹൈൽ ഹാഷ്മിയും സംയുക്തമായാണ് കോടതിയെ സമീപിച്ചത്.