ന്യൂഡല്‍ഹി : ഡല്‍ഹിയിലെ വായു മലിനീകരണം കുറയ്ക്കുന്നതിന്‍റെ ഭാഗമായി പുതിയ നടപടിയുമായി സർക്കാർ. ആമസോണ്‍, ഫ്ലിപ്‌കാര്‍ട്ട് തുടങ്ങി ഇ-കൊമേഴ്‌സ് കമ്പനികള്‍, സ്വിഗ്ഗി, സൊമാറ്റോ പോലെയുള്ള ഫുഡ് ഡെലിവറി സര്‍വീസുകള്‍, ഒല, യൂബര്‍ തുടങ്ങിയ കാബ് അഗ്രഗേറ്റേഴ്‌സ് (ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍) എന്നിവരോട് പൂര്‍ണമായും ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് മാറണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും.
പിയുസി (വാഹനത്തിന്‍റെ മലിനീകരണം പരിശോധിച്ചതിന്‍റെ സര്‍ട്ടിഫിക്കറ്റ്) ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുതെന്ന് പെട്രോള്‍ പമ്പുകളോടും നിര്‍ദേശിക്കുന്നതും പരിഗണനയിലുണ്ട്. ഇത് സംബന്ധിച്ച നിര്‍ദേശം ഈ ആഴ്‌ച സര്‍ക്കാർ പുറത്തിറക്കും. ഘട്ടം ഘട്ടമായി പുതിയ നിര്‍ദേശം നടപ്പിലാക്കാനാണ് തീരുമാനം. രാജ്യതലസ്ഥാനത്തെ വായു മലിനീകരണത്തില്‍ ഏകദേശം 40 ശതമാനത്തോളം വാഹനങ്ങളില്‍ നിന്ന് പുറന്തള്ളുന്നവയാണെന്നാണ് കണക്കുകള്‍ പറയുന്നത്.
Also read: Muzaffarpur Factory Blast: കുർകുറെ, നൂഡിൽസ് ഫാക്‌ടറിയിൽ സ്‌ഫോടനം; പത്ത് തൊഴിലാളികള്‍ മരിച്ചു
ഇതിന് പുറമെ, സ്വകാര്യ ഇടങ്ങളിൽ ബാറ്ററി മാറ്റുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുന്നതിനെക്കുറിച്ചും ഗതാഗത വകുപ്പ് ചർച്ച ആരംഭിച്ചേക്കും. ഡല്‍ഹിയിലെ സിഎൻജി പമ്പുകളിൽ 50 ബാറ്ററി സ്വാപ്പിങ് സ്റ്റേഷനുകൾ സ്ഥാപിക്കാന്‍ ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് തീരുമാനമെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഡല്‍ഹി ഇലക്‌ട്രിക് വാഹന നയം അനുസരിച്ച്, 2024 ഓടെ ഡല്‍ഹിയിലെ മൊത്തം വില്‍പ്പനയില്‍ ഇലക്‌ട്രിക് വാഹനങ്ങളുടെ വിഹിതം 25 ശതമാനമായി ഉയർത്തുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. 2022 ജനുവരി 1ന് 15 വർഷമോ അതിൽ കൂടുതലോ പൂർത്തിയാക്കിയ ഡീസൽ വാഹനങ്ങൾക്ക് നോ ഒബ്‌ജക്ഷന്‍ സർട്ടിഫിക്കറ്റ് (എൻഒസി) നൽകില്ലെന്ന് ഈ മാസമാദ്യം പുറപ്പെടുവിച്ച ഉത്തരവില്‍ ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.