ന്യൂഡൽഹി: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഡൽഹിയിൽ ഈ വർഷം ദീപാവലി ദിനത്തിൽ പടക്കം പൊട്ടിച്ചതിൽ 30 ശതമാനം കുറവുണ്ടായെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ്. അഞ്ച് വർഷത്തിനിടെ ഉത്സവത്തിന് ശേഷമുള്ള ഏറ്റവും മികച്ച വായു നിലവാരമാണ് ഡൽഹിയിൽ രേഖപ്പെടുത്തിയതെന്നും മന്ത്രി ഗോപാൽ റായ് പറഞ്ഞു.
കഴിഞ്ഞ വർഷം ദീപാവലിക്ക് തൊട്ടടുത്ത ദിവസം രേഖപ്പെടുത്തിയ വായു നിലവാരം 462 ആയിരുന്നു. എന്നാൽ അത് ഈ വർഷം 323 ആയി കുറഞ്ഞു. ഈ വർഷത്തെ ദീപാവലി ദിനത്തിൽ ഡൽഹിയിലെ ജനങ്ങൾ വളരെ ശ്രദ്ധാലുക്കളായിരുന്നുവെന്നും അവരോട് നന്ദി പറയുന്നുവെന്നും ഗോപാൽ റായ് കൂട്ടിച്ചേർത്തു.
കേന്ദ്രത്തിന്‍റെ പിന്തുണയില്ലാതെ പഞ്ചാബിലെ ആം ആദ്‌മി സർക്കാർ സംസ്ഥാനത്ത് വൈക്കോൽ കത്തിക്കുന്നത് നിയന്ത്രിച്ചുവെന്നും റായ് അവകാശപ്പെട്ടു. പഞ്ചാബിൽ കഴിഞ്ഞ വർഷം ദീപാവലി ദിവസം 3032 ഇടങ്ങളിലാണ് വൈക്കോൽ കത്തിക്കുന്നത് റിപ്പോർട്ട് ചെയ്‌തത്. അത് ഈ വർഷം 1019 ആയി കുറഞ്ഞു. എന്നാൽ ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ വൈക്കോൽ കത്തിക്കുന്നത് വർധിച്ചുവെന്നും റായ് പറഞ്ഞു.
150 മൊബൈൽ ആന്‍റീ സ്മോഗ് തോക്കുകൾ പുറത്തിറക്കിയ ചടങ്ങിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരത്തിൽ മലിനീകരണം ഏറ്റവും കൂടുതലുള്ള 40 ഇടങ്ങളിൽ ആന്‍റീ സ്മോഗ് തോക്കുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.