ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 13,336 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 273 പേര്‍ മരിച്ചു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ കേസുകളുടെ എണ്ണത്തിലും, പോസിറ്റിവിറ്റി നിരക്കിലും ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം കൊവിഡ് ടെസ്റ്റുകളുടെ എണ്ണവും കുറവാണ്. 49,787 ആർടി-പിസിആർ, സിബിഎൻഎടി, ട്രൂ നാറ്റ് ടെസ്റ്റുകൾ, 11,765 റാപ്പിഡ് ആന്റിജൻ ടെസ്റ്റുകൾ എന്നിവയുൾപ്പെടെ 61,552 പരിശോധനകള്‍ മാത്രമാണ് 24 മണിക്കൂറിനിടെ ഡല്‍ഹിയിൽ നടത്തിയത്. അതേസമയം കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 21.67 ശതമാനമായി കുറഞ്ഞു. ഏപ്രില്‍ 17 നിപ്പുറം ഇതുവരെയുള്ള കുറഞ്ഞ പോസിറ്റിവിറ്റി നിരക്ക് 24.56 ശതമാനമായിരുന്നു.
Also Read: 'കൊവിവാൻ' : മുതിര്‍ന്ന പൗരര്‍ക്ക് കൈത്താങ്ങായി ഡല്‍ഹി പൊലീസ്
5 ദിവസത്തിനിടെ 300ല്‍ താഴെയായിരിക്കുകയാണ് മരണസംഖ്യ. ദേശീയ തലസ്ഥാനത്തെ മരണനിരക്ക് 1.46 ശതമാനമാണ്. 13,23,567 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 19,344 പേര്‍ ഇതുവരെ മരണപ്പെട്ടു. 86,232 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. അതേസമയം 24 മണിക്കൂറിനിടെ 1,29,142 പേരാണ് വാക്സിന്‍ സ്വീകരിച്ചത്. ഇതില്‍ 90,289 പേര്‍ ആദ്യ ഡോസും, 38,853 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. 38,75,636 പേരാണ് ഇതുവരെ സംസ്ഥാനത്ത് വാക്സിന്‍ കുത്തിവയ്പ്പ് സ്വീകരിച്ചത്. അതിനിടെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. മെട്രോ സേവനങ്ങളും തിങ്കളാഴ്ച മുതല്‍ നിര്‍ത്തിവച്ചു.