ന്യൂഡൽഹി: കുത്തബ് മിനാർ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ഹർജി ഡൽഹി കോടതി തള്ളി. കുൻവർ മഹേന്ദർ ധവാൻ പ്രസാദ് സിങ്ങ് എന്നയാൾ സമർപ്പിച്ച ഹർജിയാണ് തള്ളിയത്. ഐക്യ ആഗ്ര പ്രവിശ്യയുടെ അനന്തരാവകാശിയാണ് താനെന്നും കുത്തബ് മിനാറും ഖുവ്വത്തുൽ ഇസ്‍ലാം പള്ളിയും സ്ഥിതി ചെയ്യുന്ന സ്ഥലം തനിക്ക് അർഹതപ്പെട്ടതാണെന്നും ചൂണ്ടിക്കാട്ടിയാണ് കുൻവർ മഹേന്ദർ ധ്വജ് പ്രതാപ് സിങ് കുത്തബ് മിനാറിനു മേൽ അവകാശ വാദം ഉന്നയിച്ച് കോടതിയെ സമീപിച്ചത്.
എന്നാല്‍ അഡീഷണൽ ജില്ല ജഡ്‌ജി ദിനേശ് കുമാര്‍ ഹര്‍ജി തള്ളുകയായിരുന്നു. കുൻവറിന്‍റെ അഭിഭാഷകൻ മനോഹർ ലാൽ ശർമ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ)ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സുഭാഷ് ഗുപ്‌ത എന്നിവരുടെ വാദം കേട്ട ശേഷമാണ് ജഡ്‌ജി ഹർജി തള്ളിയത്. ഉടമസ്ഥാവകാശം സംബന്ധിച്ച വിഷയം സ്വാതന്ത്ര്യാനന്തരം ഒരു കോടതിക്ക് മുമ്പിലും കുൻവർ ഉന്നയിച്ചിട്ടില്ലെന്നും കാലതാമസത്തിന്‍റെ സാഹചര്യത്തിൽ അദ്ദേഹത്തിന്‍റെ വാദം അസാധുവാണെന്നും എ.എസ്.ഐ അഭിഭാഷകൻ സുഭാഷ് ഗുപ്‌ത ചൂണ്ടിക്കാട്ടി.
കോടതിയുടെ സമയം നഷ്‌ടപ്പെടുത്തലും പ്രശസ്‌തിക്കായുള്ള ശ്രമവുമാണ് ഇയാളുടെ ലക്ഷ്യമെന്ന് പൂജക്ക് അനുവാദം തേടി ഹിന്ദുക്കളുടെ ഭാഗം വാദിക്കുന്ന അഭിഭാഷകൻ അമിത് സച്ച്‌ദേവ് ചൂണ്ടിക്കാട്ടി. കോടതിയുടെ സമയം പാഴാക്കിയതിന് ഹർജി ഭീമമായ പിഴ ചുമത്തി തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ 1947ന് ശേഷം സർക്കാർ തന്‍റെ ഭൂമി കയ്യേറിയതാണെന്നും പ്രിവി കൗൺസിൽ രേഖകൾ തന്‍റെ പക്കലുണ്ടെന്നും ഇയാൾ വാദിച്ചു.
ആഗ്ര മുതൽ മീററ്റ് വരെ യമുന നദിക്കും ഗംഗയ്‌ക്കും ഇടയിൽ ഉള്ള പ്രദേശങ്ങളുടെ അനന്തരാവകാശം തനിക്കാണെന്നാണ് ഇയാളുടെ അവകാശവാദം. കുത്തബ് മിനാർ സ്‌മാരകമാണെന്നും ഇതിന് മേൽ ആർക്കും അവകാശവാദം ഉന്നയിക്കാൻ സാധിക്കില്ലെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വ്യക്തമാക്കി. അതേസമയം, കുത്തബ് മിനാർ സമുച്ചയത്തിൽ ഹിന്ദു ജൈന ക്ഷേത്രങ്ങൾ പുനഃസ്ഥാപിക്കുന്നതിനും പൂജ നടത്താൻ അനുവദിക്കണമെന്നുള്ള ഹർജിയിൽ ഒക്‌ടോബർ 19ന് വാദം കേൾക്കുമെന്ന് കോടതി അറിയിച്ചു.
മുഗൾ സാമ്രാജ്യത്തിന്‍റെ അവശേഷിപ്പ്: പ്രൗഢമായ മുഗൾ സാമ്രാജ്യത്തിന്‍റെ മായാത്ത ഓർമകൾ ഉറങ്ങുന്ന സ്‌മാരകം. ചരിത്രവും, ശിൽപകലയും ഇഷ്‌ടപ്പെടുന്നവരെ ഒരു പോലെ ആകർഷിക്കുന്ന ചരിത്ര സ്‌മാരകമാണ് കുത്തബ് മിനാർ. ഇഷ്‌ടിക കൊണ്ട് നിർമിച്ച ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാറാണ് കുത്തബ് മിനാർ.
ദക്ഷിണ ഡൽഹിയിലെ മെഹ്റോളിയിലെ കുത്തബ് സമുച്ചയത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത് .ഇന്തോ-ഇസ്‌ലാമിക വാസ്‌തുശൈലിയിലാണ് കുത്തബ് മിനാർ പണി കഴിപ്പിച്ചിരിക്കുന്നത്. യുനെസ്‌കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ കുത്തബ് മിനാറും ഉൾപ്പെട്ടിട്ടുണ്ട്.
കുത്തബ് മിനാറിന്‍റെ വാസ്‌തുവിദ്യ: ഇന്തോ-ഇസ്‌ലാമിക വാസ്‌തുശിൽപ്പകലക്ക് ഒരു ഉത്തമോദാഹരണമാണ് ഈ ഗോപുരം. അഞ്ചു നിലകളാണ് ഇതിനുള്ളത്. താഴത്തെ നിലയുടെ വ്യാസം 14.3 മീറ്ററും മുകളിലെ നിലയുടെ വ്യാസം 2.75 മീറ്ററുമാണ്. 72.5 മീറ്റർ ഉയരമുള്ള ഈ ഗോപുരത്തിന്‍റെ മുകളിലേക്ക് കയറുന്നതിന് 399 പടികളുണ്ട്.
ഭൂരിഭാഗവും ഇഷ്‌ടിക കൊണ്ട് നിർമിച്ചിട്ടുള്ള ഈ മിനാറിന്‍റെ മുകളിലെ രണ്ട് നില വെണ്ണക്കല്ല് കൊണ്ടാണ് നിർമിച്ചിട്ടുള്ളത്. ഇഷ്‌ടിക കൊണ്ട് നിര്‍മിച്ച ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാറാണ് കുത്തബ് മിനാര്‍. ആദ്യനിലയുടെ ചുമരിൽ അറബിവാചകങ്ങൾ കൊത്തി വച്ചിട്ടുണ്ട്.
മിനാറിന് 6.5 ടണ്‍ ഭാരമുള്ള തൂണുകളുണ്ട്. ഇത്രയും നാളായിട്ടും ഇരുമ്പിൽ നിർമിച്ചിട്ടുള്ള ഈ തൂണുകൾക്ക് തുരുമ്പ് പിടിച്ചിട്ടില്ലെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. 7.21 മീറ്റര്‍ ഉയരവും, 646 കിലോ ഭാരവുമുള്ള അലങ്കാര മണിയും കുത്തബ് മിനാറിൽ കാണാം. 27 ഓളം ഹിന്ദു-ജൈന ക്ഷേത്രങ്ങളുടെ അവശിഷ്‌ടങ്ങൾ കുത്തബ് മിനാറിന്‍റെ നിർമാണത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു.
ചരിത്രം: മിനാറിന്‍റെ അദ്യ നില പണി കഴിപ്പിച്ചത് 1199 ലാണ്. ദില്ലി സുൽത്താനായിരുന്ന ഖുത്ബ്‌ദീൻ ഐബക് ആയിരുന്നു കുത്തബ് മിനാറിന്‍റെ ആദ്യ നില പണികഴിപ്പിച്ചത്. 1229 ഓടെ സുൽത്താൻ ഇൽത്തുമിഷ് മറ്റു നാലുനിലകളുടെ പണി പൂർത്തീകരിച്ചു. ഇടിമിന്നൽ മൂലവും ഭൂകമ്പം മൂലവും മിനാറിന് പലപ്പോഴും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ദില്ലി സുൽത്താന്മാരായിരുന്ന അലാവുദ്ദീൻ ഖിൽജി, മുഹമ്മദ് ബിൻ തുഗ്ലക്, ഫിറോസ് ഷാ തുഗ്ലക്, ഇബ്രാഹിം ലോധി എന്നിവരുടെ കാലത്ത് മിനാറിന്‍റെ ഈ കേടുപാടുകാൾ തീർത്തിട്ടുണ്ട്.
കുത്തബ് മിനാറും വിവാദങ്ങളും: ചരിത്ര സ്‌മാരകമായ കുത്തബ് മിനാർ നിർമിച്ചത് അഞ്ചാം നൂറ്റാണ്ടിൽ ഉജ്ജയിനിലെ രാജാവായിരുന്ന വിക്രമാദിത്യനാണെന്ന വാദവുമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എ.എസ്.ഐ) മുൻ റീജിയണൽ ഡയറക്‌ടർ ധരംവീർ ശർമ അടുത്തിടെ രംഗത്തെത്തിയിരുന്നു. വിക്രമാദിത്യൻ സൂര്യനിരീക്ഷണത്തിനായി സ്ഥാപിച്ചതാണ് കുത്തബ് മിനാറെന്നായിരുന്നു ഇയാളുടെ വാദം.
കുത്തബ് മിനാറിന്‍റെ പേരുമാറ്റി വിഷ്‌ണു സ്‌തംഭം എന്നാക്കണമെന്ന ആവശ്യവുമായി ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയിരുന്നു. കുത്തബ് മിനാർ വിക്രമാദിത്യൻ നിർമിച്ചതാണെന്ന അവകാശവാദമാണ് ഇവരും ഉയർത്തിയത്.