ന്യൂഡൽഹി : കേന്ദ്ര സർക്കാരിനെതിരെ കടുത്ത ആരോപണങ്ങളുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന്‍ അറസ്റ്റിലായ പോലെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഉടൻ വ്യാജ കേസിൽ അറസ്റ്റിലാകുമെന്ന് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.
കള്ളക്കേസിൽ സത്യേന്ദർ ജെയിൻ അറസ്റ്റിലാകാൻ പോകുന്നുവെന്ന് കുറച്ച് മാസങ്ങൾക്ക് മുൻപ് വിശ്വസ്‌ത കേന്ദ്രങ്ങളിൽ നിന്ന് തനിക്ക് വിവരം ലഭിച്ചിരുന്നു. ഇപ്പോൾ മറ്റൊരു കള്ളക്കേസിൽ മനീഷ് സിസോദിയ ഉടൻ അറസ്റ്റിലാകുമെന്ന് അതേ കേന്ദ്രങ്ങളിൽ നിന്ന് തനിക്ക് വിവരം കിട്ടിയെന്ന് കെജ്‌രിവാൾ മാധ്യമങ്ങളോട് പറഞ്ഞു.
സിസോദിയ ഡൽഹിയിലെ വിദ്യാഭ്യാസ സംസ്‌കാരത്തിന്‍റെ പിതാവാണെന്നും സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിയാണെന്നും കെജ്‌രിവാൾ പറഞ്ഞു. സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ ഭാവി മെച്ചപ്പെടുത്താനാണ് സിസോദിയ പ്രവർത്തിച്ചിരുന്നത്. ഡൽഹിയിൽ മാത്രമല്ല, സർക്കാർ സ്‌കൂളുകളിൽ മികച്ച വിദ്യാഭ്യാസം ലഭിക്കുമെന്ന് രാജ്യമെമ്പാടുമുള്ള കുട്ടികൾക്ക് സിസോദിയ പ്രതീക്ഷ നൽകി.
Also Read: കള്ളപ്പണക്കേസ്: സത്യേന്ദര്‍ ജെയിന്‍ ജൂൺ ഒന്‍പത് വരെ ഇ.ഡി കസ്റ്റഡിയില്‍
സിസോദിയയുടെയും ജെയിനിന്‍റെയും കീഴിൽ ഡൽഹിയിൽ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ നടക്കുന്ന മികച്ച പ്രവർത്തനങ്ങൾക്ക് തടയിടാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇവരുടെ അറസ്റ്റ് രാജ്യത്തിന് നഷ്‌ടമാണെന്നും കെജ്‌രിവാൾ പറഞ്ഞു. ഓരോരുത്തരെയായി അറസ്റ്റ് ചെയ്യാതെ എഎപി നേതാക്കളെ ഒന്നടങ്കം അറസ്റ്റ് ചെയ്യണമെന്ന് നരേന്ദ്ര മോദിയോട് അഭ്യർഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്‌ചയാണ് അരവിന്ദ് കെജ്‌രിവാളിന്‍റെ വിശ്വസ്‌തനും ഡൽഹി ആരോഗ്യമന്ത്രിയുമായ സത്യേന്ദർ ജെയിനെ കള്ളപ്പണക്കേസിൽ ഇഡി അറസ്റ്റ് ചെയ്‌തത്. കൊൽക്കത്തയിലെ കമ്പനിയുമായി ഹവാല ഇടപാട് നടത്തിയെന്ന് ആരോപിച്ചാണ് കേസ്. ജെയിനിന്‍റെയും കുടുംബത്തിന്‍റെയും ഇവരുടെ നിയന്ത്രണത്തിലുള്ള കമ്പനികളുടെയും പേരിലുള്ള 4.81 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടുകയും ചെയ്‌തിരുന്നു. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ പദ്ധതിയിടുന്നെന്ന് ജനുവരിയിൽ കെജ്‌രിവാൾ ആരോപിച്ചിരുന്നു.