കാബൂൾ : അഫ്‌ഗാനിസ്ഥാനിൽ നിന്ന് 129 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം ഇന്ത്യയിലേക്ക് തിരിച്ചു. അവിടുത്തെ നിലവിലെ സാഹചര്യം സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്‌താക്കൾ അറിയിച്ചു.
എന്നാൽ ഇതുസംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്‌താവന പുറത്തിറക്കിയിട്ടില്ല. കാബൂൾ കൂടി താലിബാൻ നിയന്ത്രണത്തിലേക്ക് വന്നതോടെ അഫ്‌ഗാനിസ്ഥാനിൽ അഷ്‌റഫ് ഗാനി സർക്കാർ രാജിവച്ചു.
ഭരണം ഏറ്റെടുക്കുന്ന താലിബാൻ ഇടക്കാല സർക്കാരിന്‍റെ പ്രസിഡന്‍റായി അലി അഹമ്മദ് ജലാദി വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.
എംബസികളിൽ നിന്ന് ജീവനക്കാരെ പിൻവലിച്ച് വിദേശരാജ്യങ്ങൾ
അഫ്‌ഗാനിസ്ഥാൻ സർക്കാർ താലിബാന് മുന്നിൽ കീഴടങ്ങിയതോടെ മറ്റ് വിദേശരാജ്യങ്ങളും എംബസികളിൽ നിന്ന് ഉദ്യോഗസ്ഥരെ പിൻവലിച്ച് അവരെ തിരികെ എത്തിക്കുകയാണ്.
യുഎസ്, യുകെ, ഇറ്റലി, ജർമനി അടക്കമുള്ള രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥരെയും എംബസികളിലെ ജീവനക്കാരെയുമാണ് അടിയന്തരമായി പിൻവലിക്കുന്നത്.
നയതന്ത്രജ്ഞരെ എംബസിയിൽ നിന്ന് കാബൂൾ വിമാനത്താവളത്തിലേക്ക് മാറ്റുകയാണെന്ന് യുഎസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിലെ യുകെ എംബസിയിൽ നിന്ന് ബ്രിട്ടീഷ് പൗരന്മാരെ അടിയന്തരമായി ഒഴിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് യുകെ ഹോം ഓഫിസും അറിയിച്ചു.
യുകെക്ക് വേണ്ടി ജോലി ചെയ്യുന്ന 3,300 അഫ്‌ഗാൻ ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ഇതിനകം പുനരധിവസിപ്പിച്ചെന്ന് ഹോം ഓഫിസ് ട്വീറ്റിൽ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിലെ യുകെ അംബാസഡറെ തിങ്കളാഴ്ച വൈകുന്നേരത്തോടെ എയർലിഫ്റ്റ് ചെയ്യുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
അതേസമയം താലിബാൻ വിമാനത്താവളം പിടിച്ചെടുത്തേക്കാമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. വിവിധ എംബസി ജീവനക്കാരെ കാബൂളിലെ ഹമീദ് കർസായി അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്കാണ് മാറ്റിയത്.
ജർമനി ട്രാൻസ്‌പോർട്ട് പ്ലെയിനുകൾ അനുവദിച്ചു
എംബസിയിലെ ജീവനക്കാരെ തിരികെയെത്തിക്കാനായി ജർമനി, യാത്രാവിമാനങ്ങള്‍ കാബൂളിലേക്ക് അയക്കുകയാണ്.
ജർമനിയുടെ എംബസിയിൽ ജോലി ചെയ്‌തിരുന്ന അഫ്‌ഗാൻ പൗരന്‍മാരെയും രാജ്യത്തേക്ക് കൊണ്ടുവരുമെന്ന് വാർത്താഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം അഫ്‌ഗാൻ പൗരന്മാരായ 228 പേരെയും അവരുടെ കുടുംബങ്ങളെയും ഇറ്റലിയിലേക്ക് കൊണ്ടുവന്നെന്നും ധാർമിക ഉത്തരവാദിത്വത്തെ തുടർന്നാണ് ഈ തീരുമാനമെന്നും ഇറ്റാലിയൻ പ്രതിരോധ മന്ത്രി അറിയിച്ചു.
എന്നാൽ റഷ്യൻ എംബസിയിലെ ജീവനക്കാരെ തിരികെ കൊണ്ടുവരുന്നില്ലെന്ന് മോസ്‌കോ വ്യക്തമാക്കി. കാബൂളിലെ റഷ്യൻ എംബസിയുടെ സുരക്ഷക്ക് താലിബാൻ ഉറപ്പുനൽകിയിട്ടുണ്ടെന്നും അതിനാൽ എംബസിയിലെ നയതന്ത്രജ്ഞരെയും ജീവനക്കാരെയും തിരികെ കൊണ്ടുവരേണ്ട സാഹചര്യമില്ലെന്നും റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.