ന്യൂഡൽഹി: രാജ്യത്തുടനീളം 100 സൈനിക സ്‌കൂളുകൾ സ്ഥാപിക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് 21 സൈനിക് സ്‌കൂളുകൾ കൂടി സ്ഥാപിക്കുന്നതിന് പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി. കേരളത്തിലുൾപ്പടെയാണ് പുതിയ സൈനിക സ്‌കൂളുകൾ വരുന്നത്. പങ്കാളിത്ത മാതൃകയിൽ സ്ഥാപിക്കുന്ന സ്‌കൂളുകൾ എൻജിഒകൾ, സ്വകാര്യ സ്‌കൂളുകൾ, സംസ്ഥാന സർക്കാർ എന്നിവയുടെ സഹകരണത്തോടെയാണ് ആരംഭിക്കുക.
സംസ്ഥാനത്ത് എറണാകുളം ജില്ലയിലെ ശ്രീ ശാരദ വിദ്യാലയം എന്ന സ്‌കൂളിലാണ് പുതിയ സൈനിക സ്‌കൂൾ വരുന്നത്. കേരളം കൂടാതെ കർണാടകയിൽ ബെലഗാവിയിലെ സങ്കൊല്ലി രായണ്ണ സൈനിക സ്കൂൾ, തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെ വികാസ സ്‌കൂളിലും സൈനിക സ്‌കൂൾ സ്ഥാപിക്കും.
നിലവിലുള്ള സൈനിക സ്‌കൂളുകളിൽ നിന്ന് വ്യത്യസ്‌തമായിരിക്കും പുതിയ സൈനിക സ്‌കൂളുകൾ എന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. പുതുതായി അംഗീകാരം സൈനിക സ്‌കൂളുകളിൽ 12 എണ്ണം എൻജിഒകളുടെയും ട്രസ്റ്റുകളുടെയും സൊസൈറ്റികളുടെയും ഉടമസ്ഥതയിലുള്ളതും 6 എണ്ണം സ്വകാര്യ സ്‌കൂളുകളും 3 എണ്ണം സർക്കാർ ഉടമസ്ഥതയിലുള്ളതുമാണ്.
നിലവിലുള്ള സൈനിക സ്‌കൂളുകളിൽ പൂർണമായും താമസ സൗകര്യമുള്ളവയാണ്. എന്നാൽ പുതിയ 21 സൈനിക സ്‌കൂളുകളിൽ 14 സ്‌കൂളുകളിൽ മാത്രമാണ് താമസ സൗകര്യമുണ്ടാവുക. ഏഴെണ്ണം ഡേ സ്‌കൂളുകളായിരിക്കും. ഇവ അതത് വിദ്യാഭ്യാസ ബോർഡുകളുമായുള്ള അഫിലിയേഷൻ കൂടാതെ സൈനിക് സ്‌കൂൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കും. ആറാം ക്ലാസ് തലത്തിലായിരിക്കും സൈനിക സ്‌കൂളുകളിലേക്കുള്ള പ്രവേശനം നടക്കുക.