ന്യൂഡൽഹി : പുതിയ അന്തർവാഹിനികൾ നിർമിക്കാൻ നാവികസേന നൽകിയ ടെൻഡർ കേന്ദ്ര പ്രതിരോധ മന്ത്രാലയം അംഗീകരിച്ചു. ആറ് അന്തർവാഹിനികൾ നിർമിക്കാനായി 50,000 കോടി രൂപയുടെ ടെൻഡർ ആണ് നാവികസേന സമർപ്പിച്ചത്. വെള്ളിയാഴ്‌ച ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗമാണ് ടെൻഡർ നടപടികളുമായി മുന്നോട്ടുപോകാൻ നാവികസേനയ്ക്ക് അനുമതി നൽകിയത്. പി -75 എന്ന് പേരിട്ടിരിക്കുന്ന പ്രോജക്ടിനെ സ്കോർപിയൻ/കാർവരി ക്ലാസ് അന്തർവാഹിനികളുടെ പിൻഗാമിയായാണ് സേന അവതരിപ്പിക്കുന്നത്. ഫ്രാൻസുമായി സഹകരിച്ച് മസഗൺ ഡോക്യാർഡ്‌സ് ലിമിറ്റഡിലാണ് സ്കോർപിയൻ/കാർവരി ക്ലാസ് അന്തർവാഹിനികളുടെ നിർമാണം.
Also Read:കേരളത്തില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നാളെയോടെ ശക്തിപ്രാപിക്കും
ഫ്രഞ്ച് നേവൽ ഗ്രൂപ്പ്, ജർമ്മൻ കമ്പനി ടികെഎംഎസ്, ദക്ഷിണ കൊറിയൻ കമ്പനി ഡേവൂ, സ്‌പാനിഷ് കമ്പനി നവാൻഷ്യ, റഷ്യൻ കമ്പനി റോസോ ബോർബോ എക്സ്‌പോർട്ട് എന്നിവയുൾപ്പെടെ അഞ്ച് ആഗോള നിർമാതാക്കളുമായി സഹകരിക്കാൻ കഴിയുന്ന എംഡിഎല്ലിനും ലാർസൻ ആന്‍റ് ടൂബ്രോയ്ക്കും ടെൻഡർ നൽകാനാണ് നാവികസേനയുടെ തീരുമാനം. അണ്വായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ആറെണ്ണം ഉൾപ്പെടെ 24 പുതിയ അന്തർവാഹിനികൾ വാങ്ങാനാണ് ഇന്ത്യൻ നാവികസേന പദ്ധതിയിടുന്നത്. നിലവിൽ രണ്ട് അണ്വായുധങ്ങൾ വഹിക്കാൻ ശേഷിയുള്ളവ ഉൾപ്പടെ 17 എണ്ണമാണ് സേനയുടെ ഭാഗമായുള്ളത്.