ഹൈദരാബാദ്: നടി രശ്‌മിക മന്ദാനയുടെയും കത്രീന കൈഫിന്‍റെയും വൈറലായ ഡീപ്ഫേക്ക് വീഡിയോകൾക്ക് പിന്നാലെ ബോളിവുഡ് താരം കാജോളിന്‍റെ വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ക്യാമറയ്‌ക്ക് മുൻപിൽ താരം വസ്‌ത്രം മാറുന്ന തരത്തിലുളള വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. അതേസമയം കാജോളിന്‍റെ വ്യാജേന പ്രചരിപ്പിക്കുന്ന ഈ വീഡിയോ ഡീപ് ഫേക്ക് ആണെന്ന് ഫാക്‌ട് ചെക്ക് വെബ് സൈറ്റായ ബൂം ലൈവ് റിപ്പോർട്ട് ചെയ്‌തു (Deepfake video of Kajol goes viral).
വിവിധ തലക്കെട്ടുകളോടെയുളള ദൃശ്യങ്ങള്‍ പ്രചരിക്കുന്ന വീഡിയോക്ക് പുറമേ നിരവധി സ്‌ക്രീന്‍ഷോട്ടുകളും പങ്കുവയ്ക്കപ്പെടുന്നുണ്ട്. അതേസമയം 'ഗെറ്റ് റെഡി വിത്ത് മി' (GRWM) എന്ന് ടിക്ടോക്ക് ട്രെൻഡിന്‍റെ ഭാഗമായി 2023 ജൂൺ 5-ന് റോസി ബ്രീൻ എന്ന ഇൻഫ്ലുവൻസറാണ് വീഡിയോയിലെ യഥാർഥ വ്യക്തിയെന്ന് കണ്ടെത്തി.
തങ്ങളുടെ ഫോളോവേഴ്‌സുമായി അടുത്ത ബന്ധം പുലർത്താനായി ദൈനംദിന കാര്യങ്ങൾ പങ്കുവയ്‌ക്കുന്ന വീഡിയോയാണ് ഗെറ്റ് റെഡി വിത്ത് മി എന്ന ട്രെൻഡ്. വീഡിയോയിൽ റോസിയുടെ മുഖത്തിന് പകരം കാജോളിന്‍റെ മുഖം മോർഫ് ചെയ്‌ത് ക്യാമറയ്‌ക്കു മുൻപിൽ വസ്ത്രം മാറുന്നുവെന്ന തെറ്റിദ്ധാരണ പരത്തിയാണ് ഫേക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
മോർഫ് ചെയ്‌ത വൈറൽ വീഡിയോ: അതേസമയം നവംബർ 5ന് രശ്‌മികയുടെ മോർഫ് ചെയ്‌ത വീഡിയോ പ്രചരിച്ചിരുന്നു. എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമിച്ച നടിയുടെ ഡീപ്ഫേക്കിനെതിരെ നിയമ നടപടി ആവശ്യപ്പെട്ട് അമിതാഭ് ബച്ചൻ, കീർത്തി സുരേഷ്, മൃണാൽ താക്കൂർ, ഇഷാൻ ഖട്ടർ, നാഗ ചൈതന്യ തുടങ്ങിയ പ്രമുഖ താരങ്ങൾ പ്രതികരിച്ചിരുന്നു.
ALSO READ:'അത്യന്തം ഭയാനകം, ശരിക്കും വേദനിക്കുന്നു'; ഫേക്ക് വീഡിയോയിൽ പ്രതികരണവുമായി രശ്‌മിക മന്ദാന
ഈ ഡീപ്‌ഫേക്ക് വീഡിയോയിൽ മറ്റൊരു പെൺകുട്ടിയുടെ മുഖത്ത് രശ്‌മികയുടെ മുഖം മോർഫ് ചെയ്‌ത രീതിയിലാണ് പ്രചരിച്ചിരുന്നത്. രശ്‌മികയുടെ ഫാന്‍ പേജിലൂടെ ആയിരുന്നു വീഡിയോ പ്രത്യക്ഷപ്പെട്ടത്.
കറുത്ത വസ്‌ത്രം ധരിച്ച് താരം ലിഫ്‌റ്റിൽ കയറുന്നതാണ് വീഡിയോയിൽ ഉളളത്. എന്നാൽ ബ്രിട്ടീഷ് ഇന്ത്യൻ വനിതയായ സാറ പട്ടേലിന്‍റെ വീഡിയോയാണ് രശ്‌മികയുടെ മുഖം ചേർത്ത് പ്രചരിപ്പിച്ചത്.
എന്നാൽ ഡീപ് ഫേക്കിനെതിരെ ദില്ലി പൊലീസ് കേസെടുക്കുകയും ബിഹാറിൽ നിന്നുള്ള 19 കാരനായ യുവാവിനെ ഡൽഹി പൊലീസ് ചോദ്യം ചെയ്‌തിരുന്നു. യുവാവ് ആദ്യം തന്‍റെ സോഷ്യൽ മീഡിയ ഹാൻഡിൽ വീഡിയോ അപ്‌ലോഡ് ചെയ്യുകയും പിന്നീട് മറ്റ് പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി ഷെയർ ചെയ്യുകയും ചെയ്‌തതായി പൊലീസ് സംശയിക്കുന്നുണ്ട്.
രശ്‌മികയുടെ ഡീപ്‌ഫേക്ക് വീഡിയോയ്‌ക്ക് പിന്നാലെ താര സുന്ദരി കത്രീന കൈഫിന്‍റെയും ഒരു മോർഫ് ചെയ്‌ത ചിത്രം കഴിഞ്ഞയാഴ്‌ച പുറത്തുവന്നിരുന്നു. എഐ സാങ്കേതികതയെ ദുരുപയോഗം ചെയ്‌തുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ പ്രചരിക്കുന്നത്.
ALSO READ:ഇത് ആര്‍ക്കും സംഭവിക്കരുതെന്ന് വിജയ് ദേവരകൊണ്ട; പൂര്‍ണമായും യോജിക്കുന്നുവെന്ന് രശ്‌മിക