ന്യൂഡൽഹി: ഓരോ മൂന്ന് കിലോമീറ്ററിലും ചാർജിങ്ങ് പോയിന്‍റ് സ്ഥാപിക്കണമെന്ന ആം ആദ്മി സർക്കാരിന്‍റെ തീരുമാനം ഡൽഹിയെ ഇലക്ട്രിക് വാഹന സൗഹൃദ നഗരമാക്കുമെന്ന് ഗതാഗത മന്ത്രി കൈലാഷ് ഗഹ്‌ലോട്ട്. ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള അടിസ്ഥാന സൗകര്യം സൃഷ്ടിക്കുന്നതിൽ ഡൽഹി സർക്കാർ മുൻകൈയെടുക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഓരോ മൂന്ന് കിലോമീറ്ററിലും ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കാനുള്ള നീക്കം ജനങ്ങളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ഡൽഹിയെ ഇന്ത്യയുടെ ഇവി തലസ്ഥാനമാക്കുന്നതിന് വഴിയൊരുക്കുകയും ചെയ്യും. പ്രമുഖ സ്ഥലങ്ങളിൽ 100 പബ്ലിക് ചാർജിങ്ങ് സ്റ്റേഷനുകൾ നിർമിക്കുന്നതിനുള്ള ടെണ്ടർ സർക്കാർ ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. ഡിസംബറോടെ ഇവ പ്രാവർത്തികമാകുമെന്നും അദ്ദേഹം പറഞ്ഞു.
മാളുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, സിനിമാ ഹാളുകൾ, ഓഫീസ് സ്ഥലങ്ങൾ, ഹോട്ടലുകൾ, റെസ്റ്റോറന്‍റുകൾ, ആശുപത്രികൾ തുടങ്ങി എല്ലാ കെട്ടിടങ്ങളിലും പാർക്കിങ്ങ് ശേഷിയുടെ അഞ്ച് ശതമാനമെങ്കിലും ഇലക്ട്രിക് വാഹനങ്ങള്‍ക്കായി നീക്കിവയ്ക്കണമെന്നും നിർദേശമുണ്ട്.