ന്യൂഡൽഹി: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി. ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ രൂപീകരണത്തിന് എതിരെ ശിവസേന സമര്‍പ്പിച്ച ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കില്ല എന്ന് സുപ്രീംകോടതി അറിയിച്ചു. സുപ്രീംകോടതി വിഷയം പരിഗണിക്കുന്നതുവരെ മറ്റ് നടപടികൾ പാടില്ലെന്ന് മഹാരാഷ്ട്ര നിയമസഭ സ്‌പീക്കറോടും കോടതി ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഭവങ്ങളുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കുമെന്നായിരുന്നു സുപ്രീം കോടതി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തില്ല. എന്നാല്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു.
ഇക്കാര്യം അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. ഹര്‍ജി ലിസ്റ്റ് ചെയ്യാന്‍ അല്‍പ്പ സമയംകൂടി ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. തുടര്‍ന്നാണ് അയോഗ്യത സംബന്ധിച്ച് തിടുക്കത്തില്‍ തീരുമാനം എടുക്കരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചത്. ജൂലൈ മൂന്നിന് നടന്ന സ്‌പീക്കറുടെ തെരഞ്ഞെടുപ്പും ജൂലൈ നാലിന് നടന്ന വിശ്വാസ വോട്ടെടുപ്പും റദ്ദാക്കണമെന്നും ഉദ്ദവ് താക്കറെ വിഭാഗത്തിന്‍റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.