ബുലന്ദ്ഷഹർ: മൂന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്ക് വധശിക്ഷ വിധിച്ച് ഉത്തർപ്രദേശിലെ കോടതി (Death Penalty For Three Convicts In UP For Murdering 3 Children). ബുലന്ദ്ഷഹറിലെ (Bulandshahr) അഡീഷണൽ സെഷൻസ് കോടതിയാണ് അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് കാട്ടി മൂന്നുപേർക്ക് വധശിക്ഷ വിധിച്ചത്. അഡീഷണൽ സെഷൻസ് ജഡ്‌ജി മനു കാലിയ (Additional Sessions Judge Manu Kalia) ആണ് വിധി പ്രസ്‌താവം നടത്തിയത്.
2019 മെയ് 25ന് മൂന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. ഉത്തർപ്രദേശിലെ തന്നെ കോട്‌വാലി നഗർ മേഖലയിൽ നിന്നാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് ശിക്കാർപൂർ പ്രദേശത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രതികൾ കുട്ടികളെ തട്ടിക്കൊണ്ടുപോയി വെടിവച്ചു കൊന്നെന്നാണ് കേസ്. കേസിലെ ഒരു പ്രതിയെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു.
നിതാരി കൂട്ടക്കൊലക്കേസിൽ വധശിക്ഷ റദ്ദാക്കി: കുപ്രസിദ്ധമായ നിതാരി കൂട്ടക്കൊലക്കേസില്‍ രണ്ടു പ്രതികള്‍ കുറ്റക്കാരല്ലെന്ന് കണ്ട് വധശിക്ഷ റദ്ദാക്കി അലഹബാദ് ഹൈക്കോടതി. നേരത്തെ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന സുരേന്ദര്‍ കോലി, മൊണീന്ദര്‍ പാന്ദര്‍ എന്നിവരെയാണ് അലഹബാദ് ഹൈക്കോടതി ഒക്ടോബർ 16 ന് കുറ്റ വിമുക്തരാക്കിയത്. ഇവര്‍ക്കെതിരെ നേരത്തേ വിധിച്ചിരുന്ന വധശിക്ഷയും ഹൈക്കോടതി റദ്ദാക്കി.
പ്രധാന പ്രതി സുരേന്ദര്‍ കോലിക്കെതിരെ ചുമത്തിയ 12 കേസുകളിലും അദ്ദേഹം കുറ്റക്കാരനല്ലെന്നാണ് അലഹാബാദ് ഹൈക്കോടതി വിധിച്ചത്. മറ്റൊരു പ്രതിയായ മൊണീന്ദര്‍ സിങ്ങ് പാന്ദറിനെതിരെ ചുമത്തിയ രണ്ട് കേസുകളിലും ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. വിചാരണക്കോടതി വിധിച്ച ഇരുവരുടെയും വധശിക്ഷയും റദ്ദാക്കിയിട്ടുണ്ട്. ജസ്റ്റിസ് അശ്വനി കുമാര്‍ മിശ്ര, ജസ്റ്റിസ് സയ്യിദ് അഫ്താബ് ഹുസൈന്‍ റിസ്വി എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.
എന്താണ് നിതാരി കേസ്: നോയിഡക്കടുത്ത് നിതാരിയില്‍ 2005 നും 2006നുമിടയിലാണ് കുപ്രസിദ്ധമായ നിതാരി കൂട്ടക്കൊലകള്‍ അരങ്ങേറിയത്. 2006 ഡിസംബറില്‍ നിതാരിയിലെ ഒരു വീടിനോട് ചേര്‍ന്ന അഴുക്കു ചാലില്‍ നിന്നും അസ്ഥികൂടങ്ങള്‍ കണ്ടെടുത്തതോടെയാണ് കൂട്ടക്കൊലയെക്കുറിച്ച് ലോകം അറിഞ്ഞത്. സിബിഐ അന്വേഷിച്ച കേസില്‍ വീട്ടുടമ മൊണീന്ദര്‍ പാന്ദര്‍, അദ്ദേഹത്തിന്‍റെ വീട്ടു ജോലിക്കാരന്‍ സുരേന്ദര്‍ കോലി എന്നിവര്‍ പ്രതിചേര്‍ക്കപ്പെട്ടു.
സിബിഐ രജിസ്റ്റര്‍ ചെയ്ത 16 കേസുകളിലും കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, തെളിവ് നശിപ്പിക്കല്‍ എന്നിവയടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി സുരേന്ദര്‍ കോലിയെ പ്രതി ചേര്‍ത്തിരുന്നു. മൊണീന്ദര്‍ പാന്ദറിനെതിരെ വ്യഭിചാരക്കുറ്റവും ചുമത്തിയിരുന്നു. പ്രദേശത്ത് നിന്നും കാണാതായ 9 പെണ്‍കുട്ടികളും 2 ആണ്‍കുട്ടികളും അഞ്ച് മുതിര്‍ന്ന സ്ത്രീകളുമായിരുന്നു കൊല്ലപ്പെട്ടത്.