ബെംഗളുരു: സ്‌കൂളിൽ പോകുന്നതിനിടെ മരക്കൊമ്പ് ദേഹത്ത് വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. രണ്ട് വർഷമായി ചികിത്സയിലിരുന്ന പത്ത് വയസുകാരി റേച്ചൽ പ്രിഷയാണ് മരിച്ചത്. 2020 മാർച്ച് 11നാണ് അപകടമുണ്ടായത്. വിദ്യാർഥിയെ അച്ഛൻ ബൈക്കിൽ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്‌ചയായിരുന്നു മരണം.
അതേ സമയം ബ്രുഹത് ബെംഗളൂരു മഹാനഗര പാലികയിലെ (ബിബിഎംപി) ഉദ്യോഗസ്ഥരാണ് അപകടത്തിന് ഉത്തരവാദികളെന്ന് മാതാപിതാക്കൾ ആരോപിച്ചു. വഴിയോരത്തേക്ക് ചാഞ്ഞ് നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ വെട്ടിക്കളയേണ്ടത് ബിബിഎംപിയുടെ ഉത്തരവാദിത്തമാണെന്നും നിരവധി തവണ പരാതികൾ ലഭിച്ചിട്ടും ഇതിനെതിരെ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിച്ചില്ലെന്നും അതിനാലാണ് ഇത്തരത്തിൽ ഒരു അപകടം ഉണ്ടായതെന്നും അവർ കൂട്ടിച്ചേർത്തു.
മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസാമി ആശുപത്രിയിലെത്തി കുടുംബത്തെ സന്ദർശിച്ചു. റേച്ചലിന്‍റെ മരണത്തിൽ അദ്ദേഹം ദുംഖം രേഖപ്പെടുത്തി. അവൾ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നാണ് താൻ പ്രതീക്ഷിച്ചിരുന്നതെന്നും ബിബിഎംപി ഭാവിയിലെങ്കിലും ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും എച്ച്.ഡി കുമാരസാമി ട്വീറ്റ് ചെയ്‌തു.
READ MORE: കേരളത്തിനെതിരെ പരാമര്‍ശം: ആദിത്യനാഥിന് മറുപടിയുമായി എം.എ ബേബി