പാത്ര (പശ്ചിമ ബംഗാൾ) : ഡെത്ത് സർട്ടിഫിക്കറ്റിൽ മരിച്ചയാൾക്ക് ഐശ്വര്യവും വിജയവും നേർന്ന് പഞ്ചായത്ത് മേധാവി (പഞ്ചായത്ത് ചീഫ്). വെസ്റ്റ് മിഡ്‌നാപൂരിലെ കോട്ടായലി പൊലീസ് സ്റ്റേഷന് കീഴിലുള്ള പാത്ര ഗ്രാമപഞ്ചായത്തിലാണ് സംഭവം. പാത്ര സ്വദേശിയായ താരകാനാഥ് എന്നയാളുടെ മരണം സംബന്ധിച്ച് കുടുംബത്തിന് നൽകിയ സാക്ഷ്യപത്രത്തിലാണ് പഞ്ചായത്ത് മേധാവി സാരഥി സിങ് ആശംസയും വിജയവും നേർന്നത്.
'താരകാനാഥ് ഡോളോയ് പാത്ര ഗ്രാമത്തിലെ താമസക്കാരനാണ്. അദ്ദേഹം 2022 ജനുവരി 1ന് മരിച്ചു. എനിക്ക് അദ്ദേഹത്തെ നന്നായി അറിയാം. അദ്ദേഹത്തിന് എല്ലാ പുരോഗതിയും വിജയവും നേരുന്നു' - എന്നായിരുന്നു പഞ്ചായത്ത് മേധാവി സാരഥി സിങ് സർട്ടിഫിക്കറ്റിൽ എഴുതിയത്. 'കൃഷക് ബന്ധു' പദ്ധതി പ്രകാരം കൃഷി ഓഫിസിൽ നിന്ന് സഹായം ലഭിക്കുന്നതിനായാണ് പഞ്ചായത്ത് മേധാവി സർട്ടിഫിക്കറ്റ് നൽകിയത്.
പഞ്ചായത്ത് മേധാവിയുടെ നോട്ട്‌പാഡിൽ എഴുതിയ ഈ സാക്ഷ്യപത്രത്തിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സംഭവത്തെ പരിഹസിച്ച് പ്രതിപക്ഷവും രംഗത്തെത്തി. 'നിരക്ഷരരെപ്പോലെ സംസ്ഥാനത്ത് ഭരണം നടത്തുന്നവർ ആരാണ്' എന്ന് സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് ബിജെപി വക്താവ് അരൂപ് ദാസ് പറഞ്ഞു. പഞ്ചായത്ത് മേധാവിയേക്കാൾ മുഖ്യമന്ത്രി മമത ബാനർജിയെയാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്.
ഇടതുമുന്നണിയും സംഭവത്തെ പരിഹസിച്ചു. 'വിദ്യാഭ്യാസമില്ലാത്തവരോട് എന്താണ് പറയേണ്ടത്' എന്ന് ടൗൺ ഈസ്റ്റ് ഏരിയ കമ്മിറ്റി സെക്രട്ടറി സോമനാഥചന്ദ്ര കുറ്റപ്പെടുത്തി. 'മരിച്ചയാളുടെ സാക്ഷ്യപത്രം പോലും എഴുതാൻ അറിയാത്തവരെ വിദ്യാഭ്യാസമില്ലാത്ത പ്രാകൃതർ എന്നേ വിളിക്കാൻ കഴിയൂ' - എന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
സംഭവം മനഃപ്പൂർവമല്ലാത്ത പിഴവാണെന്നാണ് എഐടിസി ജില്ല സംഘടന പ്രസിഡന്‍റ് സുജോയ് ഹസ്ര നൽകുന്ന വിശദീകരണം. 'പഞ്ചായത്ത് മേധാവിക്ക് തിരക്കിനിടയിൽ പറ്റിയ പിഴവാണ്. ഇത് മനപ്പൂർവമല്ലാത്ത തെറ്റാണ്. ഗ്രാമ പഞ്ചായത്ത് മേധാവി ആയ സാരഥി സിങ് സാക്ഷ്യപത്രത്തിൽ ഒപ്പിടുന്നതിന് മുൻപ് ഒരിക്കൽ കൂടി വായിക്കണമായിരുന്നു' - എന്ന് സുജോയ് ഹസ്ര പ്രതികരിച്ചു.