ദുര്‍ഗാപൂര്‍ : ശ്രവണ-സംസാര വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ യുവാക്കള്‍ ബലപ്രയോഗത്തിലൂടെ വനത്തിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കി. ബംഗാളിലെ ദുര്‍ഗാപൂര്‍ ന്യൂടൗണ്‍ഷിപ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നടുക്കുന്ന സംഭവം. അറസ്റ്റിലായ പ്രതികളെ ദുര്‍ഗാപൂര്‍ സബ് ഡിവിഷണല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു(Deaf and dumb girl raped).
വീട്ടുജോലി ചെയ്ത് ജീവിക്കുന്ന പെണ്‍കുട്ടിയാണ് ക്രൂരമായ ലൈംഗിക പീഡനത്തിനിരയായത്. പതിവുപോലെ ജോലിക്ക് പോയി തിരിച്ചുവരുംവഴി, സൈക്കിളിലെത്തിയ രണ്ട് യുവാക്കള്‍ ബലപ്രയോഗത്തിലൂടെ പെണ്‍കുട്ടിയെ കാടിനുള്ളിലേക്ക് കൊണ്ടുപോയി. എന്നാല്‍ ഇതിനിടെ പെണ്‍കുട്ടിയുടെ ഒരു ബന്ധു സംഭവം കാണുകയും വീട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തു. വീട്ടുകാര്‍ കാട്ടിലെത്തി തെരച്ചില്‍ നടത്തിയപ്പോള്‍ പെണ്‍കുട്ടിയെ ഇവര്‍ വലിച്ചിഴയ്ക്കുന്നത് കണ്ടു. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളിലൊരാളെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കയ്യോടെ പിടികൂടി. മറ്റേ യുവാവ് ഓടി രക്ഷപ്പെട്ടു. എന്നാല്‍ പിന്നീട് ഇയാളെ പൊലീസ് പിടികൂടി.
വിവരമറിഞ്ഞെത്തിയ പൊലീസ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടി ചികിത്സയിലാണെന്നും പൊലീസിന്‍റെ അനുമതി ലഭിച്ച ശേഷം മറ്റ് ശാരീരിക പരിശോധനകള്‍ നടത്തുമെന്നും സ്വരൂപ ഭട്ടാചാര്യ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് അറിയിച്ചു.
Also read : തെലങ്കാനയില്‍ കൂട്ടക്കൊല; സ്വത്ത് തട്ടിയെടുക്കാന്‍ കൊന്നു തള്ളിയത് ഒരു കുടുംബത്തിലെ ആറു പേരെ
നിരവധി പെണ്‍കുട്ടികളും സ്ത്രീകളും ഇതേ കാട്ടില്‍ ബലാത്സംഗത്തിനിരയാകുന്നുണ്ടെന്ന് വെസ്റ്റ് ബുര്‍ദ്വാന്‍ ജില്ലയിലെ സിപിഎം അംഗം പങ്കജ് റോയ് സര്‍ക്കാര്‍ ആരോപിച്ചു. പൊലീസ് എന്ത് ചെയ്യുകയാണെന്നും അദ്ദേഹം ചോദിച്ചു. സംഭവം വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവച്ചിരിക്കുകയാണ്. പ്രതികള്‍ക്ക് കനത്ത ശിക്ഷ നല്‍കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ബലാത്സംഗങ്ങളുടെ നിരവധി കേസുകളാണ് നിത്യവും പുറത്തുവരുന്നത്. ശക്തമായ നിയമങ്ങള്‍ ഉണ്ടായിട്ടും ഇവയൊന്നും കര്‍ശനമായി നടപ്പാക്കാത്തത് ബലാത്സംഗങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. പ്രതികളെ മാതൃകാപരമായി ശിക്ഷിക്കാനാകാത്തതും പോരായ്‌മയാണ്. പലരും ജയിലിലായാലും തെളിവുകളുടെ അഭാവത്തിലും മറ്റും പുറത്തിറങ്ങുന്നു. കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധര്‍ വരെ പീഡനങ്ങള്‍ക്ക് നിത്യവും ഇരകളാകുന്ന സ്ഥിതിയുമാണ്.