ന്യൂഡൽഹി: ഡൽഹി വനിത കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാളിന് നേരയുണ്ടായ അതിക്രമത്തിന് തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ പുറത്ത്. വ്യാഴാഴ്‌ച (19.01.23) ഡൽഹി എയിംസിന് മുൻപിൽ വച്ച് സ്‌ത്രീ സുരക്ഷ പരിശോധിക്കാനെത്തിയ സ്വാതി മലിവാളിനെ മദ്യ ലഹരിയിൽ കാറിൽ എത്തിയ ഒരാൾ അസഭ്യം പറയുകയും കാറിൽ 10 -15 മീറ്റർ വലിച്ചിഴക്കുകയും ചെയ്‌തതായി സ്വാതി പൊലീസിൽ പരാതിപ്പെട്ടിരുന്നു. സംഭവത്തിൽ ഡൽഹി സ്വദേശിയായ ഹർഷ് ചന്ദ്ര എന്നയാളെ പൊലീസ് ഇന്നലെ അറസ്‌റ്റ് ചെയ്യുകയും 14 ദിവസത്തേക്ക് ജുഡിഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്‌തു.
ഈ സംഭവം തെളിയിക്കുന്നതാണ് പുറത്തു വന്ന ദൃശ്യങ്ങൾ. എയിംസിന് എതിർവശത്ത് ഒരു ബസ് സ്റ്റോപ്പിൽ എൻസിഡബ്ലിയു മേധാവി നില്‌ക്കുന്നതായും അവിടെ കാറിൽ എത്തിയ യുവാവ് ഗ്ലാസ് താഴ്‌ത്തി കാറിൽ ഇരിക്കാൻ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. 'എന്നെ എവിടെയാണ് ഇറക്കുക.. എനിക്ക് പുറത്തേക്കാണ് പോകേണ്ടത്.. എന്‍റെ ബന്ധുക്കൾ വരുന്നുണ്ട്..' എന്ന് സ്വാതി മലിവാൾ കാർ ഡ്രൈവറോട് പറയുന്നുണ്ട്.
ആദ്യം കാറെടുത്ത് പോയ ഹർഷ് പിന്നേയും തിരികെ എത്തി എൻസിഡബ്ലിയു മേധാവിയോട് കാറിൽ കയറാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും അവർ അയാളെ കാറിനടുത്ത് ചെന്ന് ശാസിച്ചു. ഇതിനിടയിൽ ഹർഷ് പെട്ടെന്ന് കാർ എടുക്കുകയായിരുന്നു. കാറിലെ ഗ്ലാസിനിടയിൽ കൈ കുടുങ്ങിയ മലിവാളിനെ വലിച്ചിഴച്ചതായി വ്യക്തമല്ലെങ്കിലും കാർ മുന്നോട്ടെടുത്തപ്പോൾ അവർ നിലവിളിക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. വ്യാഴാഴ്‌ച പുലർച്ചെ മൂന്ന് മണിയോടെ നടന്ന സംഭവം സ്വാതി മലിവാൾ ട്വീറ്റ് ചെയ്‌തതോടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇതിന് പ്രതികരണവുമായി എത്തിയിരുന്നു.
ഡൽഹിയിലെ ക്രമസമാധാന നിലയ്‌ക്ക് എന്താണ് സംഭവിച്ചതെന്നും വനിത കമ്മിഷൻ അധ്യക്ഷയ്ക്ക് പോലും സുരക്ഷയില്ലാത്ത തരത്തിൽ ഗുണ്ടകളുടെ മനോവീര്യം വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എൽജി (ലെഫ്.ജനറല്‍) സാഹിബ് കുറച്ച് ദിവസത്തേക്ക് രാഷ്‌ട്രീയം വിട്ട് ക്രമസമാധാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അഭ്യർത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.