ലഖ്‌നൗ : താടിയും മുടിയും വടിക്കുന്ന വിദ്യാര്‍ഥികളെ പുറത്താക്കുമെന്ന് ഉത്തര്‍പ്രദേശ് സഹാറന്‍പൂരിലെ ഇസ്‌ലാമിക പഠന കേന്ദ്രമായ ദാറുല്‍ ഉലൂം ദേവ്ബന്ദ്. ദാറുല്‍ ഉലൂം പഠന വിഭാഗം മേധാവി മൗലാന ഹുസൈന്‍ അഹമ്മദ് ഹരിദ്വാരിയാണ് ഉത്തരവിറക്കിയത്. മദ്രസയില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ തീര്‍ച്ചയായും അച്ചടക്കം പാലിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
താടിയും മുടിയും വടിച്ച് മദ്രസയില്‍ എത്തുന്ന വിദ്യാര്‍ഥികളെ സ്ഥാപനത്തില്‍ പ്രവേശിപ്പിക്കില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.താടി വടിച്ചതിന് സ്ഥാപനത്തില്‍ നിന്ന് നാല് വിദ്യാര്‍ഥികളെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുറത്താക്കിയിരുന്നു. ക്ഷമാപണം എഴുതി നല്‍കിയിട്ടും വിദ്യാര്‍ഥികള്‍ക്ക് ദാറുല്‍ ഉലൂം പ്രവേശനം നിഷേധിക്കുകയാണുണ്ടായത്.
ഈ സംഭവം മറ്റ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വലിയ കോളിളക്കം സൃഷ്‌ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഉത്തരവ്. താടിയും മുടിയും കളയുന്നത് തെറ്റാണെന്നും അത്തരക്കാര്‍ക്ക് സ്ഥാപനത്തില്‍ പ്രവേശനമില്ലെന്നും നേരത്തെ അധികൃതര്‍ വ്യക്‌തമാക്കിയിരുന്നു.
നിയമം ലംഘിച്ച് സ്ഥാപനത്തിലെത്തുന്നവര്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടിസ് പോലും നല്‍കാതെ നടപടിയെടുക്കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. സഹാറന്‍പൂര്‍ നഗരത്തില്‍ മതപഠനം നല്‍കുന്ന പ്രശസ്‌തമായ വിദ്യാഭ്യാസ സ്ഥാപനമാണ് ദാറുല്‍ ഉലൂം ദയൂബന്ദ്. രാജ്യത്തിന് അകത്തും പുറത്തും നിന്നുമുള്ള വിദ്യാര്‍ഥികളാണ് മതപഠനത്തിനായി ഇവിടെയെത്തുന്നത്.