അമൃത്‌സർ : അന്തരിച്ച ഇതിഹാസ ഗായകൻ മുഹമ്മദ് റഫിയുടെ ഗ്രാമത്തിൽ ദളിത് യുവാവിന് 'ഉന്നത' ജാതിയിൽപ്പെട്ടവരുടെ ക്രൂരമായ ആക്രമണം. അമൃത്‌സർ ജില്ലയിലെ കോട്‌ല സുൽത്താൻ സിങ് ഗ്രാമത്തിലാണ് മോഷണക്കുറ്റം ആരോപിച്ച് ഗുർവേൽ സിങ് എന്ന ദളിത് യുവാവിനെ ആള്‍ക്കൂട്ടം നിഷ്ഠൂരമായി മര്‍ദിച്ചത്. ശേഷം ഇയാളെ പ്രതികൾ ചേർന്ന് തലകീഴായി കെട്ടിത്തൂക്കിയും പ്രഹരിച്ചു.
കഴിഞ്ഞ ദിവസമാണ് ഭൈനി ലിഡർ ഗ്രാമത്തിലെ താമസക്കാരനായ ഗുർവേൽ സിങ്ങിനെ മീററ്റില്‍ നിന്ന് വൈദ്യുതി കമ്പികൾ മോഷ്‌ടിക്കാൻ ഗ്രാമത്തിൽ എത്തിയെന്നാരോപിച്ച് നാട്ടുകാർ പിടികൂടിയത്. തുടർന്ന് ഇയാളെ നാട്ടുകാർ ഒന്നിച്ച് ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. ശേഷം ഇയാളെ അവിടെയുള്ള മരത്തിൽ തലകീഴായി കെട്ടിത്തൂക്കുകയും ചെയ്‌തു.
ഇതിന്‍റെ വീഡിയോ പ്രചരിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് സ്ഥലത്തെത്തി യുവാവിനെ രക്ഷിക്കുകയായിരുന്നു. എന്നാൽ അടിസ്ഥാന രഹിതമായ കാര്യം ആരോപിച്ചാണ് നാട്ടിലെ ജൻമിമാർ ഉൾപ്പെടെയുള്ളവർ ഗുർവേൽ സിങിനെ മർദിച്ചതെന്ന് ഇയാളുടെ സഹോദരൻ ഗുമിസ് സിങ് പറഞ്ഞു.
ദളിതൻ ആയതിനാലാണ് തന്‍റെ സഹോദരനെ മർദിച്ചത്. സുഹൃത്തുക്കളോടൊപ്പമാണ് സഹോദരൻ ഗ്രാമത്തിലേക്ക് എത്തിയത്. ഇതിനിടെ ഇവർ മർദിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസും പ്രതികൾക്ക് അനുകൂലമായി നിന്ന് ഗുർവേലിനെതിരെ കേസെടുത്തെന്നും ഇയാൾ ആരോപിക്കുന്നു.
അതേസമയം മർദനമേറ്റ യുവാവിന്‍റെ മൊഴിയെടുക്കാൻ എത്തിയിരുന്നതായി എസ്ഐ ജഗ്ദീപ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഇയാളുടെ വീട് കണ്ടെത്താനായില്ലെന്നും മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്ന ശേഷം അതനുസരിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.