ന്യൂഡൽഹി: അനുഗ്രഹം തേടിയെത്തിയ ബാലന്‍റെ ചുണ്ടില്‍ ചുംബിക്കുകയും നാവില്‍ നക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌ത സംഭവത്തില്‍ ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമക്കെതിരെ വിമര്‍ശനം ശക്തം. ഈ വീഡിയോ ട്വിറ്റര്‍ അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായിരുന്നു. ഇതോടെ, നിരവധി പേരാണ് അദ്ദേഹത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്.
കുട്ടിയെ ലൈംഗിക അടിമയാക്കാനാണോ ടിബറ്റന്‍ ആത്മീയാചാര്യന്‍ ശ്രമിക്കുന്നത്. കുട്ടിയുടെ കവിളില്‍ ചുംബിക്കുന്നത് തെറ്റല്ല, പക്ഷേ ചുണ്ടില്‍ ഉമ്മവച്ചത് ശരിയായില്ല എന്ന് തുടങ്ങുന്നു അദ്ദേഹത്തിനെതിരായുള്ള വിമര്‍ശനങ്ങള്‍. ദലൈലാമ പ്രസംഗിക്കുന്ന വേദിയില്‍ അനുഗ്രഹം തേടിയെത്തിയ കുട്ടിയോട് കുശലം പറയുകയും ശേഷം അദ്ദേഹം ചുണ്ടില്‍ ചുംബിക്കുകയുമാണ് ചെയ്‌തത്. തുടര്‍ന്ന്, 'എന്‍റെ നാവില്‍ നക്കൂ' എന്ന് ദലൈലാമ കുട്ടിയോട് ആവശ്യപ്പെട്ടു. എന്നാല്‍, കുട്ടി ഇതിന് തയ്യാറാകാതെ മടിച്ചുനില്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.
'വെറുപ്പുളവാക്കുന്ന പ്രവര്‍ത്തിയാണ് ദലൈലാമ ചെയ്‌തത്. ഈ മോശം പെരുമാറ്റത്തെ ആരും ന്യായീകരിക്കരുത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെയുള്ള ലൈംഗിക അതിക്രമത്തിന്‍റെ പേരില്‍ പൊലീസ് ദലൈലാമയെ അറസ്റ്റ് ചെയ്യണം', ജാസ് ഒബ്‌റോയ് എന്ന ട്വിറ്റര്‍ ഉപയോക്താവ് ഇങ്ങനെ കുറിച്ചു.