കൊൽക്കത്ത: വടക്കൻ ഒഡിഷയിലെ ബാലസോറിൽ അതി ശക്തമായി യാസ് ചുഴലിക്കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്. പ്രദേശത്ത് മണ്ണിടിച്ചിലിന് സാധ്യതയുള്ളതായും അധികൃതർ മുന്നറിയിപ്പ് നൽകി. മെയ് 26ന് ഉച്ചയോടെ മണിക്കൂറിൽ 155 മുതൽ 165 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നൽകി. ഹൗറ, ഹൂഗ്ലി, കൊൽക്കത്ത എന്നിവിടങ്ങളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
Read more: യാസിനെ നേരിടാൻ സജ്ജരായി തീരസംരക്ഷണ സേന
ബംഗാൾ ഉൾക്കടലിനു മുകളിൽ 620 കിലോമീറ്റർ തെക്ക്-തെക്ക് കിഴക്കും പശ്ചിമ ബംഗാളിലെ ദിഗയിൽ നിന്ന് 610 കിലോമീറ്റർ തെക്ക് സ്ഥാനത്തുമായാണ് ന്യൂനമർദം രൂപപ്പെട്ടത്. തിങ്കളാഴ്‌ച രാത്രിയോടെ ഇത് ശക്തമായ ചുഴലിക്കാറ്റായി മാറും. ഒഡിഷയിലെ പരദീപിനും പശ്ചിമ ബംഗാളിലെ സാഗർ ദ്വീപിനും ഇടയിലുള്ള ബാലസോറിൽ കാറ്റ് വാശാൻ സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. മെയ് 26 ന് കൊൽക്കത്ത, ഹൗറ, ഹൂഗ്ലി എന്നിവിടങ്ങളിൽ 70 മുതൽ 80 കിലോമീറ്റർ വരെയും കാറ്റ് വീശും. ഒഡിഷയിലെ ബാലസോർ, ജഗത്സിങ്പൂതർ, കേന്ദ്രപാറ, ഭദ്രക് തീരങ്ങളിൽ യാസ് കൊടുങ്കാറ്റ് വീശുമെന്നും അധികൃതർ അറിയിച്ചു.