മുംബൈ: ടൗട്ടെ ചുഴലിക്കാറ്റില്‍ മുങ്ങിയ ബാര്‍ജില്‍ (ഭീമന്‍ ചങ്ങാടം) നിന്ന് രക്ഷപ്പെടുത്തിയ 188 തൊഴിലാളികളുമായി ഐഎന്‍എസ് കൊച്ചി കപ്പല്‍ ഇന്ന് രാവിലെ മുംബൈ തുറമുഖത്തെത്തിയെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ടൗട്ടെ ചുഴലിക്കാറ്റിനിടയില്‍ അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട പി-305 ബാര്‍ജിലുണ്ടായിരുന്ന 22 പേര്‍ മുങ്ങി മരിച്ചു. 51 പേരെ കാണാതായിട്ടുമുണ്ട്. ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷന്‍റെ തൊഴിലാളികളാണിവര്‍. 261 പേരുമായി പോയ ബാര്‍ജ് ആണ് മുങ്ങിയത്. ബാര്‍ജില്‍ കുടുങ്ങിയ 184 പേരെ രക്ഷപ്പെടുത്തിയെങ്കിലും നാവികസേനയുടെ തിരച്ചിലില്‍ 14 പേരുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
Read More…..ടൗട്ടെ ചുഴലിക്കാറ്റ്; മുംബൈയിൽ മുങ്ങിയ ബാർജിൽ നിന്ന് 14 മൃതദേഹങ്ങൾ കണ്ടെത്തി
നാവികസേന കപ്പലുകളും വിമാനങ്ങളും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. 'ഭയനാകരമായ അവസ്ഥയായിരുന്നു. രക്ഷപ്പെടുമെന്ന് കരുതിയതല്ലെന്നും ജീവിക്കാനുള്ള ദൃഢനിശ്ചയത്തോടെ എട്ടു മണിക്കൂറോളം കടലില്‍ നീന്തിയതായും രക്ഷപെട്ടെത്തിയ 19-കാരനായ മനോജ് ഗൈറ്റ് പറഞ്ഞു. ഒടുവില്‍ നാവികസേന ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു.
Read More…..ടൗട്ടെ; മുംബൈയില്‍ തകര്‍ന്ന ബാര്‍ജിൽ നിന്ന് 184 പേരെ കൂടി രക്ഷപ്പെടുത്തി
എണ്ണ പര്യവേക്ഷണവും ഖനനവും നടത്തുന്നതിനു വേണ്ടി മുംബൈയ്ക്കടുത്ത് കടലില്‍ നങ്കൂരമിട്ടുകിടന്ന ബാര്‍ജുകള്‍ തിങ്കളാഴ്ചയാണ് ടൗട്ടേ ചുഴലിക്കാറ്റില്‍ നിയന്ത്രണം വിട്ട് ഒഴുക്കില്‍പ്പെട്ടത്. ഇതില്‍ പി-305 ബാര്‍ജ് ബോംബൈ ഹൈയില്‍ മുങ്ങിപ്പോയി. ഗാല്‍ കണ്‍സ്ട്രക്ടര്‍ എന്ന ബാര്‍ജ് കാറ്റില്‍പ്പെട്ട് മണ്ണിലുറച്ചു. മറ്റൊരു ബാര്‍ജും എണ്ണഖനനം നടത്തുന്നതിനുള്ള റിഗ്ഗും ആഴക്കടലിലേക്ക് ഒഴുകിപ്പോയി. ഗാല്‍ കണ്‍സ്ട്രക്ടറിലുണ്ടായിരുന്ന 137 പേരെ ചൊവ്വാഴ്ച രക്ഷപ്പെടുത്തിയതായി തീരസംരക്ഷണ സേന അറിയിച്ചിരുന്നു. ബാര്‍ജിലുണ്ടായിരുന്ന പാല വള്ളിച്ചിറ സ്വദേശി നെടുമ്പള്ളില്‍ ജോയല്‍ ജെയ്സണിനെയും (26) കാണാതായിട്ടുണ്ട്. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ഐഎൻഎസ് ടെഗ്, ഐഎൻഎസ് ബെത്വ, ഐഎൻഎസ് ബിയാസ് പി 8 ഐ വിമാനം, സീക്കിങ് ഹെലോസ് എന്നിവ ബാർജ് പി 305 ൽ നിന്നുള്ള ഉദ്യോഗസ്ഥർക്കായി തിരച്ചിൽ തുടരുകയാണെന്ന് പ്രതിരോധ വകുപ്പ് പിആർഒ പറഞ്ഞു.