പോർട്ട് ബ്ലെയർ: അസാനി ചുഴലിക്കാറ്റിനെ തുടർന്ന് ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റും മഴയും. ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റ് ആൻഡമാൻ-നിക്കോബാർ ദ്വീപസമൂഹത്തിലേക്ക് അടുക്കുന്നതിനാൽ ദ്വീപുകൾക്കുള്ളിൽ ഷിപ്പിങ് സർവീസ് താത്‌കാലികമായി നിർത്തിവച്ചുവെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ദേശീയ ദുരന്ത നിവാരണ സേനയുടെ 100 ഓളം ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും മുൻകരുതൽ നടപടിയായി ദ്വീപുകളുടെ വിവിധ ഭാഗങ്ങളിൽ ആറ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. വടക്ക്, മധ്യ ആൻഡമാൻ ഭാഗങ്ങളിൽ മഴയും ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ടെങ്കിലും പോർട്ട്ബ്ലെയറിൽ ജനജീവിതം സാധാരണ നിലയിലാണ്.
ശനിയാഴ്‌ച രൂപം പ്രാപിച്ച ന്യൂനമർദം ഇന്ന് രാവിലെ 5.30ഓടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള തെക്കൻ ആൻഡമാൻ കടലിലും തീവ്ര ന്യൂനമർദമായി മാറുകയായിരുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമർദമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശേഷം ബംഗ്ലാദേശ്-മ്യാൻമർ തീരങ്ങളിലേക്ക് നീങ്ങുമെന്നാണ് കരുതുന്നത്.
Also Read: ബസ് സർവീസ് പോലെ വിമാന സർവീസ്; കെ റെയിലിന് ബദൽ നിർദേശവുമായി കെ.സുധാകരൻ