ന്യൂഡൽഹി: കർഷകരെ വഞ്ചിച്ചെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനെതിരെ പ്രമേയം പാസാക്കി കോൺഗ്രസ് വർക്കിങ് കമ്മിറ്റി (സിഡബ്ല്യുസി). ഇന്ത്യയിലെ കർഷകർക്ക് ആകെ ഒരു ആവശ്യം മാത്രമാണ് ഉള്ളതെന്നും അത് മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുക എന്നതാണെന്നും കോൺഗ്രസ് പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യയിലെ കർഷകരുടെയും കർഷക തൊഴിലാളികളുടെയും ആവശ്യങ്ങൾ പരിഗണിക്കുന്നതിന് പകരം കർഷകരെ തളർത്താനും ഭീഷണിപ്പെടുത്താനും ഭിന്നിപ്പിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ ഇതിലൊന്നും ഇന്ത്യയിലെ കർഷകർ വഴങ്ങില്ലെന്ന് ബിജെപി സർക്കാർ മനസിലാക്കണമെന്നും കോൺഗ്രസ് വ്യക്തമാക്കി.
അതേസമയം, സ്വകാര്യ വാർത്താ ചാനലിലെ മാധ്യമ പ്രവർത്തകന്‍റെ വാട്‌സാപ്പ് ചാറ്റുകളില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതി (JPC) അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് പ്രവർത്തക സമിതി ആവശ്യപ്പെട്ടു. ബലാകോട്ട് ആക്രമണം സംബന്ധിച്ച വിവരം ചോര്‍ന്നത് രാജ്യദ്രോഹമാണെന്നും സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും നേരത്തെ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ദേശീയ സുരക്ഷയില്‍ ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്നും സംഭവത്തില്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും സോണിയാ ഗാന്ധി കുറ്റപ്പെടുത്തി.