ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ നാലിലും കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതിനെക്കുറിച്ച് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിശദീകരണം നല്‍കും. അതേസമയം കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ മുന്നണിയോഗത്തിലെ ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് തെല്ല് ആത്മവിശ്വാസം നല്‍കുന്നുമുണ്ട് (CWC Meeting).
2024ലെ പൊതുതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും(Loksabha poll 2024). ഏറെ നിര്‍ണായകമായ ഘട്ടത്തിലാണ് യോഗമെന്ന് സിഡബ്ല്യുസി അംഗം താരിഖ് അന്‍വര്‍ പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിന്‍റെ യോഗത്തിന്‍റെ പിന്നാലെയാണ് ഈ യോഗമെന്നതും ശ്രദ്ധേയമാണ്. സമാനമനസ്‌കരായ പാര്‍ട്ടികളുടെ യോഗം സംഘടനയ്‌ക്ക് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി(Congress founding day).
തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യുമെങ്കിലും പൊതുതെരഞ്ഞെടുപ്പിനെ നേരിടുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളാകും മുഖ്യ വിഷയമെന്ന് മറ്റൊരംഗമായ ഗുലാം അഹമ്മദ് മിര്‍ പറഞ്ഞു. പശ്ചിമബംഗാള്‍, ബിഹാര്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ടിഎംസി, ഇടത് പാര്‍ട്ടികള്‍, എസ്‌പി, എഎപി തുടങ്ങിയവരുമായി സീറ്റ് പങ്കിടുന്നത് സംബന്ധിച്ച ചര്‍ച്ചകളും യോഗത്തില്‍ നടക്കും.
2024ല്‍ സഖ്യമായാണ് മത്സരിക്കുന്നതെങ്കിലും തങ്ങളുടേതായ കര്‍മ്മപദ്ധതി ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി. തൊഴിലില്ലായ്മ, ഭരണഘടന സ്ഥാപനങ്ങളെ തകര്‍ക്കല്‍, കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം, ജാതി സെന്‍സസ്, തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാകും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു.
ഡിസംബര്‍ 28ന് നാഗ്‌പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷ റാലിയെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. തങ്ങളുടെ മുഖ്യ എതിരാളികളായ ബിജെപിക്കുള്ള ശക്തമായ സന്ദേശമാകും നാഗ്‌പൂര്‍ റാലിയെന്നും നേതാക്കള്‍ പറഞ്ഞു. റാലിയില്‍ മുതിര്‍ന്ന നേതാവ് സോണിയ ഗാന്ധി സന്ദേശം നല്‍കും.
Also Read: തോല്‍വിയുടെ ഭാരം പങ്കുവയ്‌ക്കാന്‍; കോണ്‍ഗ്രസ് പ്രസിഡന്‍റ് ഹിന്ദി ഹൃദയ ഭൂമി നേതാക്കളെ വിളിച്ചുവരുത്തി
രാജസ്ഥാനില്‍ ഭരണവിരുദ്ധ വികാരവും ഛത്തീസ്‌ഗഡില്‍ അമിത ആത്മവിശ്വാസവും മധ്യപ്രദേശില്‍ മതിയായ ഒരുക്കങ്ങളില്ലാത്തതും തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ തിരിമറികള്‍ നടന്നിട്ടുണ്ടോ എന്ന സംശയവും പാര്‍ട്ടിക്കുണ്ട്. പ്രത്യേകിച്ച് മധ്യപ്രദേശില്‍. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ വിശ്വാസ്യത നഷ്ടപ്പെട്ടതിനാല്‍ ബാലറ്റ് പേപ്പറിലേക്ക് എങ്ങനെ മടങ്ങാമെന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.