ന്യൂഡൽഹി: രാജ്യത്തെ 38 ഗവേഷണ സ്ഥാപനങ്ങളുടെ കൂട്ടായ്‌മയായ കൗൺസിൽ ഓഫ് സയന്‍റിഫിക് ആൻഡ് ഇൻഡസ്‌ട്രിയിൽ റിസർച്ചിന്‍റെ (സിഎസ്ഐആർ) ആദ്യ വനിത ഡയറക്‌ടർ ജനറലായി മുതിർന്ന ശാസ്‌ത്രജ്ഞ നല്ലതമ്പി കലൈശെൽവി. നിലവിൽ കാരൈക്കുടിയിലെ സിഎസ്‌ഐആർ-സെൻട്രൽ ഇലക്‌ട്രോകെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ (CSIR-CECRI) ഡയറക്‌ടറാണ് കലൈശെൽവി. ഏപ്രിലിൽ വിരമിച്ച ശേഖർ മണ്ടേയുടെ പിൻഗാമിയായാണ് കലൈശെൽവിയുടെ നിയമനം.
മണ്ടേയുടെ വിരമിക്കലിന് ശേഷം ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി രാജേഷ് ഗോഖലെയ്‌ക്കായിരുന്നു സിഎസ്ഐആറിന്‍റെ അധിക ചുമതല നൽകിയിരുന്നത്. ലിഥിയം അയൺ ബാറ്ററി മേഖലയിലെ പ്രവർത്തനത്തിന് പേരുകേട്ട കലൈശെൽവി ശാസ്ത്ര-വ്യവസായ ഗവേഷണ വകുപ്പ് സെക്രട്ടറിയുടെ ചുമതലയും വഹിക്കും. രണ്ട് വർഷത്തേക്കാണ് കലൈശെൽവിയുടെ നിയമനമെന്ന് പേഴ്‌സണൽ മന്ത്രാലയം അറിയിച്ചു.
2019 ഫെബ്രുവരിയിൽ സ്ഥാനമേറ്റെടുത്തതോടെ CSIR-CECRIയുടെ ആദ്യ വനിത ഡയറക്‌ടറായി കലൈശെൽവി മാറി. ഇതേ ഇൻസ്റ്റിസ്റ്റ്യൂട്ടിൽ നിന്നും എൻട്രി ലെവൽ ശാസ്ത്രജ്ഞയായാണ് കലൈശെൽവി തന്‍റെ ഗവേഷണ ജീവിതം ആരംഭിക്കുന്നത്.
തിരുനെൽവേലി ജില്ലയിലെ ചെറിയ ഗ്രാമമായ അംബാസമുദ്രത്തിൽ നിന്നുള്ള കലൈശെൽവിയുടെ സ്‌കൂൾ വിദ്യാഭ്യാസം തമിഴ് മീഡിയത്തിലായിരുന്നു. അത് കോളജിൽ ശാസ്‌ത്രത്തിന്‍റെ ആശയങ്ങൾ മനസിലാക്കാൻ തന്നെ സഹായിച്ചുവെന്ന് കലൈശെൽവി പറയുന്നു.
ഇലക്‌ട്രോ കെമിക്കൽ പവർ സിസ്റ്റം, ഇലക്ട്രോഡ് മെറ്റീരിയലുകളുടെ ഇലക്ട്രോകെമിക്കൽ മൂല്യനിർണയം എന്നീ മേഖലയിൽ ഗവേഷണം നടത്തിയ കലൈശെൽവി നാഷണൽ മിഷൻ ഫോർ ഇലക്ട്രിക് മൊബിലിറ്റിയിലും പ്രധാന സംഭാവനകൾ നൽകി. ഇവരുടെ പേരിൽ 125ലധികം ഗവേഷണ പ്രബന്ധങ്ങളും ആറ് പേറ്റന്‍റുകളും ഉണ്ട്.