ന്യൂഡൽഹി: ഓൺലൈൻ പ്ലാറ്റ്‌ഫോമുകളില്‍ 'വസ്‌തുത പരിശോധന' (ഫാക്‌ട് ചെക്കിങ്) നടത്താന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്‌ക്ക് (പിഐബി) അധികാരം നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനം. കോൺഗ്രസ്, സിപിഎം എന്നീ പാര്‍ട്ടികള്‍ക്ക് പുറമെ പത്രാധിപരുടെ സമിതിയായ എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയും ഈ നിയമ ഭേദഗതിക്കെതിരെ രംഗത്തെത്തി. ചോദ്യങ്ങളെയും യാഥാർഥ്യങ്ങളെയും മറച്ചുവയ്‌ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് കോൺഗ്രസ് മീഡിയ ചെയർമാൻ പവൻ ഖേര വിമര്‍ശിച്ചു.
'ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കും': 'പുതിയ നിയമങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലാണ് നടപ്പിലാക്കുന്നത്. അവിടെ ഏതാണ് വ്യാജം, അല്ലാത്തത് എന്നതൊക്കെ പിഐബി തീരുമാനിക്കും. നമ്മുടെ ജനാധിപത്യ രീതി പൂര്‍വസ്ഥിതിയിലാക്കാനും ഈ നിയമം ഇവിടെ പ്രാവര്‍ത്തികമാക്കാതിരിക്കാനും നമ്മള്‍ ഇടപെടുമെന്ന് എനിക്ക് ഉറപ്പുണ്ട്' - പവൻ ഖേര പറഞ്ഞു. ഈ നിയമം ജനാധിപത്യ വിരുദ്ധവും അസ്വീകാര്യവുമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
രാജ്യത്തെ മാധ്യമസ്വാതന്ത്ര്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കുമെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടി. ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ് ഭേദഗതി ചെയ്‌താണ് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചാണ്. ഏപ്രില്‍ ആറിനാണ് ഈ നിയമ ഭേദഗതി പുറത്തിറക്കിയത്.
ഭേദഗതികൾ ഉടൻ പിൻവലിക്കണമെന്ന് സിപിഎം പിബി: 'പിഐപിയ്‌ക്ക് നല്‍കുന്ന പ്രത്യേക അധികാരം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ എല്ലാ ഉപയോക്താക്കളേയും നേരിട്ട് ബാധിക്കുന്ന സെൻസർഷിപ്പിന് തുല്യമാണ്. ഇത് ജനാധിപത്യ വിരുദ്ധവും അസ്വീകാര്യവുമാണ്. ഐടി ചട്ടങ്ങളിലെ ഈ ഭേദഗതികൾ ഉടൻ പിൻവലിക്കണം. കേന്ദ്രസര്‍ക്കാരിന് എതിരായി തെറ്റിധാരണാജനകമായ വാര്‍ത്തയോ തെറ്റായ വാര്‍ത്തകളോ വരുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി'.
'പിഐബി നിര്‍ദേശം അംഗീകരിച്ചില്ലെങ്കില്‍ ഉപയോക്താക്കള്‍ പോസ്റ്റുചെയ്യുന്ന ഏതെങ്കിലും നിയമവിരുദ്ധമോ തെറ്റായതോ ആയ ഉള്ളടക്കത്തിനെതിരെ സംരക്ഷണം ഉറപ്പുനല്‍കുന്ന സേഫ് ഹാര്‍ബര്‍ ഇമ്യൂണിറ്റി നഷ്‌ടപ്പെടും.' - സിപിഎം പിബി വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടി.
'ഐടി നിയമഭേദഗതികളിൽ ഞങ്ങള്‍ വളരെയധികം അസ്വസ്ഥരാണ്. ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം ഐടി നിയമങ്ങളിൽ ഭേദഗതികൾ കൊണ്ടുവന്നു. അത് രാജ്യത്തെ മാധ്യമസ്വാതന്ത്ര്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. കേന്ദ്ര സര്‍ക്കാരിനെതിരായുള്ളവയെ വ്യാജമെന്നോ തെറ്റായതെന്നോ നിർണയിക്കാൻ അവര്‍ക്ക് അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി. ഈ നീക്കത്തില്‍ നിന്നും പിന്മാറണം.' - എഡിറ്റേഴ്‌സ് ഗിൽഡ് ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടുള്ള വാർത്തകളോ മറ്റ് ഉള്ളടക്കങ്ങളോ സര്‍ക്കാര്‍ തന്നെ വ്യാജമെന്ന് പറഞ്ഞാല്‍ സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് 72 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യും. ഇതിന് അധികാരം നൽകുന്ന ഐടി ഭേദഗതിയാണ് എതിർപ്പുകൾ നിലനില്‍ക്കെ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്‌തത്.