ഹസാരിബാഗ് : രാജ്യത്ത് എടിഎം മോഷണം തുടർക്കഥ. പണവും സ്വർണവും കവരാന്‍ ബാങ്കുകളിൽ എത്തിയിരുന്ന കള്ളന്മാർ ഇപ്പോൾ എടിഎം മെഷീന്‍ അപ്പാടെയാണ് മോഷ്‌ടിക്കുന്നത്. ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലാണ് കഴിഞ്ഞ ദിവസം സമാനസംഭവം നടന്നത്.
ബർഹി പൊലീസ് സ്റ്റേഷൻ പരിധിയിലെ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം മെഷീൻ ആണ് കള്ളന്മാർ കവര്‍ന്നത്. എടിഎമ്മിന് സമീപം പാർക്ക് ചെയ്‌തിരുന്ന പിക്കപ്പ് വാനും മോഷ്‌ടിച്ചുകൊണ്ടുപോയി. ബുധനാഴ്‌ച രാത്രിയായിരുന്നു സംഭവം.
ജിടി റോഡിലെ ബർസോട്ട് ചൗക്ക് സ്വദേശി മനോജ് കുമാർ എന്ന മണിലാലിന്‍റെ സ്ഥലത്താണ് എടിഎം മെഷീൻ സ്ഥാപിച്ചിരുന്നത്. മോഷണം പോയ വാഹനം ഇയാളുടേതാണ്. വ്യാഴാഴ്‌ച രാവിലെ ഉറക്കം ഉണർന്നപ്പോഴാണ് എടിഎം കൗണ്ടറിന്‍റെ ഷട്ടർ തകർത്തതായും വാഹനം മോഷണം പോയതായും മണിലാല്‍ തിരിച്ചറിയുന്നത്. തുടർന്ന് ബർഹി പൊലീസിൽ അറിയിക്കുകയായിരുന്നു.
ഉടൻ തന്നെ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. എടിഎം കൗണ്ടറിനടുത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ കെമിക്കൽ സ്‌പ്രേ ഉപയോഗിച്ചിരുന്നതിനാൽ ദൃശ്യങ്ങൾക്ക് വ്യക്തത ഇല്ല. മോഷണം നടക്കുന്ന സമയത്ത് എടിഎമ്മിൽ എത്ര തുക ഉണ്ടായിരുന്നു എന്നതും വ്യക്തമല്ല. ജാർഖണ്ഡിലെ രാംഗഡ്, ഹസാരിബാഗ്, പലാമു, ഛത്ര, ധൻബാദ്, റാഞ്ചി എന്നിവിടങ്ങളിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ സമാനമായ നിരവധി സംഭവങ്ങളാണുണ്ടായത്.
രാജസ്ഥാനിൽ എടിഎം മോഷണം : കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ഭരത്പൂരിലും എടിഎം മെഷീൻ കവര്‍ച്ച നടന്നിരുന്നു. സേവർ ടൗണിൽ ജൂലൈ 25നാണ് മോഷണം നടന്നത്. 97,000 രൂപ അടങ്ങിയ ഇൻഡികാഷ് എടിഎമ്മാണ് അജ്ഞാതസംഘം മോഷ്‌ടിച്ചുകൊണ്ടുപോയത്.
എടിഎം മെഷീന്‍റെ ബോൾട്ടുകൾ ഊരിമാറ്റിയ ശേഷം യന്ത്രം വാഹനത്തിൽ കയറ്റിക്കൊണ്ടുപോയതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ജൂലൈ 26ന് പുലർച്ചെ പ്രദേശത്ത് പട്രോളിങ് നടത്തുന്ന പൊലീസ് സംഘമാണ് എടിഎം മെഷീൻ മോഷ്‌ടിക്കപ്പെട്ടതായി കണ്ടെത്തിയത്. സംഭവത്തിന് പിന്നിൽ ഒരു സംഘമാകാമെന്നാണ് നിഗമനം.
also read : ATM machine stolen | എടിഎം മെഷീൻ അപ്പാടെ മോഷ്‌ടിച്ചു ; അമ്പരന്ന് പൊലീസ്, അന്വേഷണം
ജെസിബിയുമായി എടിഎം മോഷ്‌ടിക്കാനെത്തി കള്ളൻ : ജൂലൈ 25 ന് കർണാടകയിലും എടിഎം മോഷണം നടന്നിരുന്നു. മോഷ്‌ടിച്ചെടുത്ത ജെസിബിയുമായി എത്തി കെട്ടിടം തകർത്ത് എടിഎം കവരാനുള്ള ശ്രമം പക്ഷേ പൊലീസിനെ കണ്ടതോടെ വിഫലമായി. ശിവമോഗ വിനോബ നഗറിലെ ആക്‌സിസ് ബാങ്ക് എടിഎമ്മിലാണ് മോഷണ ശ്രമം നടന്നത്.
also read : ATM Theft | എടിഎം കൊള്ളയടിക്കാൻ മോഷ്‌ടിച്ച ജെസിബിയുമായി എത്തി, പൊലീസിനെ കണ്ടതോടെ മോഷ്‌ടാവ് ഓടി രക്ഷപ്പെട്ടു
എടിഎമ്മിന് സമീപത്ത് കിടന്നിരുന്ന ജെസിബി എടുത്ത് മെഷീൻ അടര്‍ത്തിയെടുക്കാനായിരുന്നു മോഷ്‌ടാവിന്‍റെ ശ്രമം. എന്നാൽ മെഷീൻ ഉയർത്താനായില്ല. പിന്നീട് സ്ഥലത്ത് പട്രോളിങിന് ഇറങ്ങിയ പൊലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ച് മോഷ്‌ടാവ് കടന്നുകളയുകയായിരുന്നു.