ബെംഗളുരു: ചാമരാജനഗർ ജില്ല ആശുപത്രിയിൽ ഓക്സിജൻ നിലച്ചതിനെത്തുടർന്ന് രണ്ട് മണിക്കൂറിനുള്ളിൽ കൊവിഡ് രോഗികളുൾപ്പടെ 24 പേർ മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് കർണാടക കോൺഗ്രസ് പ്രസിഡന്‍റ് ഡി കെ ശിവകുമാർ.
ക്രിമിനൽ അശ്രദ്ധയാണ് കർണാടകയിൽ 24 മരണങ്ങൾക്ക് കാരണമായതെന്ന് ശിവകുമാര്‍ ആരോപിച്ചു. ആവശ്യത്തിന് ഓക്സിജൻ ഉണ്ടെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയും ആരോഗ്യമന്ത്രി കെ സുധാകറും ദിവസവും കള്ളം പറയുന്നതെന്തിനാണെന്നും സർക്കാരിന് ഓക്സിജൻ നൽകാൻ കഴിയാതെ ഇനി എത്ര പേർ കൂടി കൊല്ലപ്പെടുമെന്നും അദ്ദേഹം ചോദിച്ചു.
കർണാടക ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. അതേസമയം സംഭവത്തിൽ അന്വേഷണത്തിന് ജില്ല ചുമതലയുള്ള മന്ത്രി സുരേഷ് കുമാർ ഉത്തരവിടുകയും ഓക്സിജൻ ക്ഷാമത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അറിയിക്കുകയും ചെയ്തു. മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ജില്ല കലക്ടറുമായി സംസാരിക്കുകയും നാളെ അടിയന്തര മന്ത്രിസഭായോഗം വിളിക്കുകയും ചെയ്തു.