ഹൈദരാബാദ് : ഏകദിന ലോകകപ്പില്‍ അപരാജിത കുതിപ്പുമായി മുന്നേറുകയാണ് ടീം ഇന്ത്യ. ലോകകപ്പിനും ഇന്ത്യന്‍ ചുണ്ടിനുമിടയില്‍ രണ്ട് മത്സരങ്ങളുടെ മാത്രം അകലം മാത്രമാണുള്ളത്. അതിനിര്‍ണായകമായ സെമി ഫൈനല്‍ പോരാട്ടത്തില്‍ മുമ്പുണ്ടായ വീഴ്‌ചകള്‍ പരിഹരിച്ച് മുന്നേറാനും 2013 മുതല്‍ ഇന്ത്യ നേരിടുന്ന ഐസിസി ട്രോഫി വരള്‍ച്ച മറികടക്കാനും നായകന്‍ രോഹിത് ശര്‍മയുടെ കീഴില്‍ സര്‍വ സജ്ജമായിരിക്കുന്ന ടീം ഇന്ത്യയെ പ്രശംസിക്കുകയും ടീമിന് ആത്മവിശ്വാസം പകരുകയും ചെയ്യുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്‌ഹറുദ്ദീന്‍.
നിലവിലെ ഏകദിന ലോകകപ്പ് നേടാന്‍ ഇന്ത്യയല്ലാതെ അര്‍ഹിച്ച മറ്റൊരു അവകാശിയെ കാണുന്നില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് 1992, 1996, 1999 വര്‍ഷങ്ങളില്‍ ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ച നായകന്‍. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം രാഷ്‌ട്രീയത്തിന്‍റെ ഇന്നിങ്‌സില്‍ തിളങ്ങുന്ന താരം തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പില്‍ ജൂബിലി ഹില്‍സ് നിയോജകമണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ ജനവിധി തേടാനൊരുങ്ങുകയാണ്. തെരഞ്ഞെടുപ്പിന്‍റെ ചൂടന്‍ പ്രചാരണത്തിനിടെ ഇന്ത്യയുടെ ലോകകപ്പ് സാധ്യതകളെ കുറിച്ച് ഇടിവി ഭാരതിനോട് മുഹമ്മദ് അസ്‌ഹറുദ്ദീന്‍ പ്രതികരിക്കുന്നു.
ഇന്ത്യ ഫേവറിറ്റുകള്‍ : ഏകദിന ലോകകപ്പ് ഫേവറിറ്റുകളെ പരിഗണിച്ചാല്‍ ഏറ്റവും മുന്നിലാണ് ഇന്ത്യ. വിജയത്തിന്‍റെ ഒഴുക്ക് തുടരുന്ന ടീം, നിലവിലെ ലോകകപ്പിന്‍റെ ലീഗ് ഘട്ടത്തില്‍ തോല്‍വി അറിയാത്ത ഏക ടീമായും തുടരുകയാണ്. ചെന്നൈയിലെ ചെപ്പോക്കില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ആരംഭിച്ച ആ വിജയ ജൈത്രയാത്ര ഏറ്റവുമൊടുവില്‍ ഞായറാഴ്‌ച ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ എത്തിനില്‍ക്കുന്നു. ടേബിള്‍ ടോപ്പര്‍മാരായാണ് അവര്‍ ഗ്രൂപ്പ് ഘട്ടം കടന്നത് എന്നതും കാണേണ്ടിയിരിക്കുന്നുവെന്ന് മുഹമ്മദ് അസ്‌ഹറുദ്ദീന്‍ പറഞ്ഞു.
പ്രശംസിക്കാതെ വയ്യ : അവര്‍ കളിക്കുന്ന രീതി പ്രശംസിക്കേണ്ടിയിരിക്കുന്നു. കാരണം അവര്‍ക്ക് മികച്ച ടീം കോമ്പിനേഷനാണുള്ളത്. ബാറ്റിങ് നല്ലതാണ്, ഫീല്‍ഡിങ് നല്ലതാണ്, ബോളിങ് നല്ലതാണ് തുടങ്ങി എല്ലാ ഡിപ്പാര്‍ട്ട്‌മെന്‍റുകളും വളരെ നന്നായി കളിക്കുന്നു. മാത്രമല്ല ഈ ഡിപ്പാര്‍ട്ട്‌മെന്‍റുകള്‍ തമ്മില്‍ നല്ല സമന്വയമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
താരങ്ങളാണ് 'താരങ്ങള്‍' : ഇന്ത്യയെ സംബന്ധിച്ച് എല്ലാ താരങ്ങളും ടീമിന്‍റെ ആവശ്യഘട്ടങ്ങളില്‍ അവസരത്തിനൊത്ത് ഉയര്‍ന്നു. രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവരില്‍ തുടങ്ങി യുവതുര്‍ക്കികളായ ശുഭ്‌മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ് തുടങ്ങിയവര്‍ അവസരത്തിനൊത്ത് ഉയര്‍ന്നുവെന്ന് മാത്രമല്ല, ടീമിനായി മികച്ച സംഭാവനകള്‍ നല്‍കാനും അവര്‍ക്കായി. ഇതിനൊപ്പം പേസ് കുന്തമുനയായ ജസ്‌പ്രീത് ബുംറ നയിക്കുന്ന മാരക ബോളിങ് നിരയും എതിരാളികളെ തറപറ്റിക്കുന്നതില്‍ നിര്‍ണായമായിട്ടുണ്ടെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ പറഞ്ഞുനിര്‍ത്തി.
മൂന്ന് ലോകകപ്പ് ടൂര്‍ണമെന്‍റുകളില്‍ ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ച മുഹമ്മദ് അസ്‌ഹര്‍, 229 അന്താരാഷ്‌ട്ര മത്സരങ്ങളിൽ നിന്നായി 15,855 ഫസ്‌റ്റ് ക്ലാസ് റൺസ് നേടിയിട്ടുണ്ട്. മാത്രമല്ല 334 ഏകദിനങ്ങളിൽ നിന്ന് 9,378 റൺസ് നേടിയ 60 കാരനായ മുന്‍ താരം, 99 ടെസ്‌റ്റ് മത്സരങ്ങൾക്കും ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞിട്ടുണ്ട്.
അതേസമയം നവംബര്‍ 15 ന് മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സെമി ഫൈനലില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെയാണ് നേരിടാനൊരുങ്ങുന്നത്. സെമി ജയത്തോടെ ഇന്ത്യയ്‌ക്ക് ഫൈനല്‍ ബെര്‍ത്തും ഉറപ്പിക്കാം. അങ്ങനെയെങ്കില്‍ വ്യാഴാഴ്‌ച (നവംബര്‍ 16) ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്ക മത്സരത്തിലെ വിജയിയായിരിക്കും ഇന്ത്യയുടെ എതിരാളികള്‍. ഫൈനല്‍ മത്സരം നവംബര്‍ 19 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് നടക്കുക.