ന്യൂഡല്‍ഹി: വരാനിരിക്കുന്ന രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ 17 സീറ്റുകളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) മത്സരിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജസ്ഥാനിന് പുറമെ ഛത്തീസ്‌ഗഡില്‍ മൂന്ന് സീറ്റുകളിലും മധ്യപ്രദേശില്‍ നാല് സീറ്റുകളിലും മത്സരിക്കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടന്ന പാർട്ടിയുടെ ത്രിദിന കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സീതാറാം യെച്ചൂരി (Assembly Election In Rajasthan ).
തെലങ്കാനയില്‍ മത്സരിക്കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു. ഇന്ത്യ സഖ്യകക്ഷികളുമായി കൂടിയാലോചിച്ചതിന് ശേഷമാണ് വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഞങ്ങൾ തീരുമാനങ്ങളെടുത്തത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ 24 സീറ്റുകളിലാണ് തന്‍റെ പാര്‍ട്ടി മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു (Sitaram Yechury About Assembly Election ).
കളമശ്ശേരി സ്‌ഫോടനത്തെ കുറിച്ച് പ്രതികരണം: കളമശ്ശേരിയിലെ സാമ്ര ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലുണ്ടായ സ്‌ഫോടത്തെ കുറിച്ചും സീതാറാം യെച്ചൂരി പ്രതികരിച്ചു. മൂന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌ത സംഭവത്തില്‍ കേന്ദ്ര കമ്മിറ്റി ശക്തമായി അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു. സംസ്ഥാന പൊലീസ് ഇതിനകം തന്നെ പ്രതിയെ പിടികൂടിയിട്ടുണ്ട് (Sitaram Yechury About Kalamassery Bomb Blast).
വസ്‌തുതകള്‍ മനസിലാക്കാതെ കേരളത്തിനും ജനങ്ങള്‍ക്കും എതിരെ കേന്ദ്ര മന്ത്രി സോഷ്യല്‍ മീഡിയയില്‍ അധിക്ഷപകരമായ പരാമര്‍ശം നടത്തിയ സംഭവത്തിലും അപലപിക്കുന്നതായി യെച്ചൂരി അറിയിച്ചു. കേരളത്തിന്‍റെ അതുല്യവും സമാനതകളില്ലാത്തതുമായ സാമൂഹിക, സാമുദായിക സൗഹാർദം തകർക്കാൻ ശ്രമിക്കുന്ന ഘടകങ്ങളെ ചെറുക്കണമെന്ന് കേന്ദ്ര കമ്മിറ്റി കേരളത്തിലെ ജനങ്ങളോട് ആഹ്വാനം ചെയ്‌തു.
ഇസ്രയേല്‍ പലസ്‌തീന്‍ സംഘര്‍ഷത്തെ കുറിച്ച് യെച്ചൂരി: ഇസ്രയേല്‍ ഹമാസ് ആക്രമണത്തെ തുടര്‍ന്ന് ദുരിതത്തിലായ പലസ്‌തീനായുള്ള യുഎന്‍ ജനറല്‍ അസംബ്ലി പ്രമേയത്തില്‍ വോട്ട് ചെയ്യാന്‍ വിസമ്മതിച്ച മോദി സര്‍ക്കാറിനെ യെച്ചൂരി ശക്തമായി വിമര്‍ശിച്ചു. പലസ്‌തീനില്‍ അടിയന്തര വെടിനിര്‍ത്തലിനും മാനുഷിക സഹായങ്ങള്‍ ലഭ്യമാക്കുന്നതിനുമായാണ് യുഎന്‍ ജനറല്‍ അസംബ്ലി പ്രമേയം പാസാക്കിയത്. വിഷയത്തില്‍ മോദി സര്‍ക്കാറിന്‍റെ സമീപനം ഇന്ത്യന്‍ ചരിത്രത്തിന് എതിരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി (Israel Hamas Attack).
എല്ലാ നിയമങ്ങളും കാറ്റില്‍ പറത്ത് ഇസ്രയേല്‍ നടത്തുന്ന വംശഹത്യയ്‌ക്ക് ഇരയാകുന്ന പലസ്‌തീന്‍ ജനതയോട് കേന്ദ്ര കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പലസ്‌തീനിലേക്കുള്ള ഇസ്രയേല്‍ ആക്രമണം നിര്‍ത്തലാക്കണം. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ നടപടിയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ജാതി സെന്‍സസ് വേണം: തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം ജനങ്ങളുടെ സാമൂഹിക സാമ്പത്തിക സ്ഥിതി വിവരിക്കുന്ന ജാതി സെന്‍സസ് നടത്തണമെന്നും കേന്ദ്ര കമ്മിറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. സംവരണം ഉൾപ്പെടെയുള്ള നിയമപരമായ അവകാശങ്ങൾ എല്ലാവരിലും എത്തുന്നുവെന്ന് ഉറപ്പാക്കാൻ ഇത്തരമൊരു ജാതി സെൻസസ് ആവശ്യമാണ്. ബീഹാറില്‍ ജാതി സെന്‍സസ് നടത്തി. മറ്റ് ചില സംസ്ഥാനങ്ങളിലും ജാതി സെന്‍സസ് നടത്താന്‍ തീരുമാനിച്ചു.
സംസ്ഥാന തല സര്‍വേ എന്നത് സംസ്ഥാന സര്‍ക്കാറുകളുടെ അവകാശമാണ്. എന്നിരുന്നാലും ഒരു അഖിലേന്ത്യ ജാതി സെന്‍സസിന് പകരമാകാന്‍ ഇതിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജാതി സെന്‍സസ് ജനങ്ങളുടെ അവകാശങ്ങള്‍ നിര്‍ണയിക്കുന്നതിനുള്ള അനിവാര്യ ഘടകമാണെന്നും യെച്ചൂരി വ്യക്തമാക്കി.
പിന്തുണയ്‌ക്കുമെന്ന് യെച്ചൂരി: നവംബര്‍ 26 മുതല്‍ 28 വരെ രാജ്യവ്യാപകമായി നടക്കുന്ന കിസാന്‍ മസ്‌ദൂര്‍ മഹാപദവിന് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ നല്‍കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. കൂടാതെ ദലിത് സംഘടന ഡിസംബര്‍ 4ന് നടത്തുന്ന പാര്‍ലമെന്‍റ് മാര്‍ച്ചിനും കേന്ദ്ര കമ്മിറ്റി പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.