ന്യൂഡൽഹി: ഓക്‌സിജൻ കിട്ടാതെ രാജ്യത്ത് ഒരു കൊവിഡ് രോഗി പോലും മരിച്ചിട്ടില്ലെന്ന കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാറിന്‍റെ പ്രസ്താവനയ്‌ക്കെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കി സിപിഐ എംപി ബിനോയ് വിശ്വം.
രാജ്യത്തെ കൊവിഡ് ബാധിച്ചുള്ള മരണം സംബന്ധിച്ച് രാജ്യസഭയിൽ ഉയർന്ന ചോദ്യത്തിന് മറുപടി പറയവെയാണ് ഓക്‌സിജൻ കിട്ടാത്തത് കാരണം രാജ്യത്ത് ഒരു കൊവിഡ് രോഗിപോലും മരിച്ചിട്ടില്ലെന്ന് ഭാരതി പ്രവീണ്‍ പവാർ പറഞ്ഞത്.
തെളിവുകൾ നിരത്തി ബിനോയ് വിശ്വം
2021 ഏപ്രിൽ, മെയ് മാസങ്ങളിൽ ഓക്സിജന്‍റെ അഭാവം മൂലം രാജ്യത്ത് ആയിരക്കണക്കിന് ആളുകൾ മരിച്ചുവെന്ന് ബിനോയ് വിശ്വം പറഞ്ഞു. മാധ്യമങ്ങളില്‍ വന്ന എണ്ണമറ്റ റിപ്പോർട്ടുകളും, കൊവിഡ് രോഗികളുടെ വെളിപ്പെടുത്തലുകളും അതിന് തെളിവുകളാണ്.
വിഷയത്തില്‍ സുപ്രീം കോടതിയും രാജ്യത്തെ വിവിധ ഹൈക്കോടതികളും ഇടപെട്ടിരുന്നു. രാജ്യത്ത് ഓക്‌സിജൻ ക്ഷാമം ഉണ്ടായത്, സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ചയാണെന്നും കോടതി വിമർശിച്ചിരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. കേന്ദ്ര സഹമന്ത്രിയുടെ പ്രസ്താവന സഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ ഓക്സിജന്‍റെ അഭാവം മൂലമുള്ള മരണമൊന്നും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് കേന്ദ്രസർക്കാർ ചൊവ്വാഴ്ച രാജ്യസഭയെ അറിയിച്ചത്. ഓക്‌സിജൻ കിട്ടാതെ മരിച്ച രോഗികളുടെ യാതൊരു കണക്കും കിട്ടിയിട്ടില്ലെന്നും ഭാരതി പ്രവീണ്‍ പവാർ പറഞ്ഞു.
also read : ഓക്‌സിജൻ ലഭിക്കാതെ ഒരാൾ പോലും രാജ്യത്ത് മരിച്ചിട്ടില്ലെന്ന് കേന്ദ്രം രാജ്യസഭയിൽ