ബറേലി (യുപി): പതിറ്റാണ്ടുകളായി അത്ഭുത മരുന്നെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ഗോമൂത്രത്തിൽ മനുഷ്യ ശരീരത്തിന് ഹാനികരമായ ബാക്‌ടീരിയകൾ അടങ്ങിയിരിക്കുന്നതായി പഠനം. ബറേലി ആസ്ഥാനമായ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ (IVRI) പഠന റിപ്പോർട്ടിലാണ് ഗോമൂത്രത്തിൽ ആരോഗ്യത്തിന് ദോഷകരമായ നിരവധി ബാക്‌ടീരിയകൾ അടങ്ങിട്ടുണ്ടെന്നും അത് കുടിക്കുക വഴി നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നും ഉള്ള കണ്ടെത്തല്‍.
ഐവിആർഐയിലെ എപിഡെമിയോളജി വിഭാഗം മേധാവിയായ ഭോജ് രാജ് സിങും മൂന്ന് പിഎച്ച്‌ഡി വിദ്യാർഥികളുമാണ് ഗവേഷണത്തിന് നേതൃത്വം നൽകിയത്. ഗവേഷണത്തിൽ ആരോഗ്യമുള്ള പശുക്കളുടെയും കാളകളുടെയും മൂത്ര സാമ്പിളുകളിൽ കുറഞ്ഞത് 14 തരം ഹാനീകരമായ ബാക്‌ടീരികളെങ്കിലും ഉള്ളതായി കണ്ടെത്തി. ഗുരുതരമായ ഉദര രോഗങ്ങൾക്ക് കാരണമായേക്കാവുന്ന എസ്ഷെറിച്ചിയ കോളി ബാക്‌ടീരിയയുടെ സാന്നിധ്യമാണ് ഇതിൽ കൂടുതലായും കണ്ടെത്തിയത്.
മനുഷ്യന്‍റെ മൂത്രവും എരുമയുടെ മൂത്രവും പഠനത്തിനായി എടുത്തിരുന്നു. ഇതേസമയം എരുമയുടെ മൂത്രം ചില ബാക്‌ടീരിയകൾക്കെതിരെ ഫലപ്രദമാണെന്നും പഠനത്തിൽ വ്യക്‌തമായതായി ഭോജ് രാജ് സിങ്ങ് പറഞ്ഞു. 'പശു, എരുമകൾ, മനുഷ്യർ എന്നിങ്ങനെയുള്ള 73 മൂത്ര സാമ്പിളുകളാണ് പഠനത്തിനായി എടുത്തത്. എരുമയുടെ മൂത്രത്തിലെ ആന്‍റി ബാക്‌ടീരിയൽ പ്രവർത്തനം പശുക്കളെക്കാൾ മികച്ചതാണ്. എരുമയുടെ മൂത്രം ചില ബാക്‌ടീരിയകൾക്കെതിരെ ഫലപ്രദമാണ്.
പഠനത്തിനായി ഞങ്ങൾ പ്രദേശിക ഡയറി ഫാമുകളിൽ നിന്ന് മൂന്ന് തരം പശുക്കളുടെ മൂത്ര സാമ്പിളുകളാണ് ശേഖരിച്ചത്. കൂടാതെ എരുമയുടെയും മനുഷ്യന്‍റെയും മൂത്ര സാമ്പിളുകളും ശേഖരിച്ചിരുന്നു. 2022 ജൂണ്‍ മുതൽ നവംബർ വരെയുള്ള കാലയളവിലാണ് പഠനം നടത്തിയത്. ആരോഗ്യവാൻമാരായ വ്യക്‌തികളുടെ മൂത്രത്തിൽ രോഗകാരികളായ ബാക്‌ടീരിയകളുടെ സാന്നിധ്യവും ഞങ്ങൾ കണ്ടെത്തിയിരുന്നു' -ഭോജ് രാജ് സിങ്ങ് പറഞ്ഞു.
അതേസമയം ഗോമൂത്രം ആന്‍റി ബാക്‌ടീരിയൽ ആണെന്ന പൊതു വിശ്വാസം സാമാന്യവത്‌കരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. 'ഒരു കാരണവശാലും ഗോമൂത്രം മനുഷ്യ ഉപഭോഗത്തിന് ശുപാർശ ചെയ്യാനാവില്ല. ശുദ്ധീകരിച്ച ഗോമൂത്രത്തിൽ ഹാനീകരമായ ബാക്‌ടീരിയകൾ ഉണ്ടാവാറില്ലെന്ന് ചിലർ വാദം ഉന്നയിക്കുന്നുണ്ട്. ഞങ്ങൾ അതിനെ കുറിച്ച് കൂടുതൽ ഗവേഷണം നടത്തുകയാണ്' -ഭോജ് രാജ് സിങ് പറഞ്ഞു.
ഗോമൂത്രത്തെ മരുന്നാക്കി സര്‍ക്കാര്‍ പ്രചരണം: അതേസമയം രാജ്യത്ത് ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) സർട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ നിരവധി വിതരണക്കാർ ഗോമൂത്രം വിപണയിൽ വ്യാപകമായി വിൽക്കുന്നുണ്ട്. പലവിധ രോഗങ്ങൾക്കും മികച്ച മരുന്നാണെന്ന കുപ്രചരണങ്ങളോടെ ആണ് ഗോമൂത്രം വിപണിയിലെത്തുന്നത്.
കൊവിഡ് കാലത്ത് ഗോമൂത്രത്തിന് കൊവിഡ് വൈറസുകളെ ചെറുക്കാൻ സാധിക്കുമെന്ന തരത്തിലുള്ള പ്രചരണങ്ങൾ വലിയ തോതിൽ ഉയർന്നിരുന്നു. ഉത്തർപ്രദേശിൽ സർക്കാർ തന്നെ ഗോമൂത്രത്തെ മരുന്നായി ഉപയോഗിക്കാം എന്ന തരത്തിലുള്ള പ്രചരണങ്ങൾ നടത്തിയിട്ടുണ്ട്. ഗോമൂത്രത്തിൽ നിന്ന് മരുന്ന് കണ്ടെത്തുന്നതിനായി പ്രത്യേക സംഘത്തെയും യോഗി ആദിത്യനാഥ് സർക്കാർ നിയമിച്ചിരുന്നു.