പുതുച്ചേരി: പുതുച്ചേരിയിൽ കൊവിഡ് വാക്‌സിൻ നിർബന്ധമാക്കി ആരോഗ്യ ഡയറക്‌ടർ ഉത്തരവിറക്കി. രാജ്യത്ത് ആദ്യമായാണ് നിയമം മൂലം കൊവിഡ് വാക്‌സിൻ നിർബന്ധമാക്കി ഉത്തരവിറക്കുന്നത്. 1973ലെ പുതുച്ചേരി പൊതുജനാരോഗ്യ നിയമത്തിലെ സെക്ഷൻ (8), 54(1) എന്നിവ പ്രകാരമാണ് ഉത്തരവ്. വാക്‌സിൻ സ്വീകരിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.
വാക്‌സിൻ എടുക്കാൻ പല സ്ഥലത്തും ആളുകൾ വിമുഖത കാണിക്കുന്ന സാഹചര്യത്തിലാണ് കടുത്ത നിയമനടപടിയുമായി പുതുച്ചേരി ഭരണകൂടം രംഗത്തെത്തിയത്. 100% വാക്‌സിനേഷൻ എന്ന ലക്ഷ്യം കൈവരിക്കാനുള്ള എല്ലാ ശ്രമങ്ങളും സർക്കാർ തുടരുമെന്ന് ലഫ്റ്റനന്‍റ് ഗവർണർ തമിഴിസൈ സൗന്ദരരാജൻ പറഞ്ഞു.
കേരളത്തിൽ വാക്‌സിൻ എടുക്കാത്ത അധ്യാപകരുടെ പട്ടിക വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. വാക്‌സിൻ എടുക്കാത്ത അധ്യാപകർ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കുകയോ എല്ലാ ആഴ്‌ചയും ആർടിപിസിആർ പരിശോധനക്ക് വിധേയരാകുകയോ ചെയ്യണമെന്നും സർക്കാർ നിർദേശിച്ചിരുന്നു.