വാഷിങ്ടണ്‍: യു.എസില്‍ നിന്നും ഇന്ത്യയിലേക്കുള്ള വൈദ്യസഹായം വൈകുമെന്ന് റിപ്പോര്‍ട്ട്. അറ്റകുറ്റപ്പണികൾ കാരണമാണ് ജീവൻരക്ഷാ വസ്തുക്കളുമായി ഇന്ത്യയിലേക്ക് പുറപ്പെടാൻ നിശ്ചയിച്ചിരുന്ന യു.എസ്. വ്യോമസേന വിമാനങ്ങൾ വൈകാന്‍ കാരണമെന്ന് പെന്റഗൺ തിങ്കളാഴ്ച അറിയിച്ചു.
ജീവൻരക്ഷാ വസ്തുക്കള്‍ ബുധനാഴ്ച വരെ വൈകുമെന്ന് യു.എസ്‌ട്രാൻസ്‌കോമിൽ നിന്ന് തങ്ങൾക്ക് സന്ദേശം ലഭിച്ചുവെന്ന് പെന്റഗൺ വക്താവ് പറഞ്ഞു. ഇതുവരെ രണ്ട് യു.എസ് വ്യോമസേന വിമാനങ്ങളാണ് ഇന്ത്യയിൽ എത്തിയത്. മൂന്ന് യു.എസ്. എയർഫോഴ്‌സിന്‍റെ സി -5 സൂപ്പർ ഗാലക്‌സികളും ഒരു സി -17 ഗ്ലോബ് മാസ്റ്ററും അവശ്യ സാധനങ്ങൾ എത്തിക്കുന്നതിനായി തിങ്കളാഴ്ച ഇന്ത്യയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. എന്നാല്‍, വിമാനങ്ങള്‍ വൈകിയ സംഭവം ഇന്ത്യയിലേക്കുള്ള അടിയന്തര ഓക്സിജൻ സിലിണ്ടറുകളുടെയും കോൺസെൻട്രേറ്ററുകളുടെയും ആവശ്യത്തെ എങ്ങനെ ബാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ ഭീഷണി നേരിടുന്ന ഇന്ത്യയ്ക്ക് ജീവന്‍ രക്ഷാവസ്തുക്കളുമായി യു.എസ് വിമാനങ്ങൾ ആ രാജ്യത്തെത്തുന്നത് തുടരുമെന്ന് പെന്റഗൺ പ്രസ് സെക്രട്ടറി ജോൺ കിർബി മാധ്യമപ്രവർത്തകരോട് പറഞ്ഞു. വാക്സിനുകൾ ലഭ്യമാക്കുന്നതിന് തങ്ങൾ കൂടുതൽ കാര്യങ്ങൾ ചെയ്യണം. ജീവൻ രക്ഷിക്കാനും പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാനും തങ്ങൾക്ക് കടമയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.