ന്യൂഡല്‍ഹി: മൂന്ന് മാസത്തോളമായി രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചത് 13 കോടി ആളുകളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ന് രാവിലെ ഏഴ് മണിവരെ 13,23,30,644 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. 24 മണിക്കൂറിനിടെ 22 ലക്ഷം പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. രാജ്യത്തെ മൊത്തം വാക്‌സിന്‍ വിതരണത്തിന്‍റെ 59.25 %വും നടന്നത് കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളിലാണ്. കേരളത്തെ കൂടാതെ മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, കര്‍ണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് പട്ടികയിലുള്ളത്.
ആരോഗ്യപ്രവര്‍ത്തകരില്‍ 58,52,071 പേര്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 92,19,544 പേര്‍ രണ്ടാമത്തെ ഡോസിനായുള്ള കാത്തരിപ്പിലാണ്. ഇതര വിഭാഗത്തില്‍ പെടുന്ന കൊവിഡ് മുന്നണിപ്പോരാളികളില്‍ 1,16,32,050 പേര്‍ക്ക് ആദ്യ ഡോസും 59,36,530 പേര്‍ക്ക് രണ്ടാമത്തെ ഡോസും നല്‍കി. 60 വയസിന് മുകളില്‍ പ്രായമുള്ള 57,60,331 പേര്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 4,78,67,118 പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു. 45നും 60നും ഇടയില്‍ പ്രായമുള്ള 16,34,116 പേര്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി. ഈ വിഭാഗത്തില്‍ 44,44,28,884 പേര്‍ക്ക് രണ്ടാമത്തെ ഡോസ് ലഭിക്കാനുണ്ട്.
കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ 75.66 ശതമാനം കേസുകളും കേരളമടക്കം 10 സംസ്ഥാനങ്ങളില്‍ നിന്നാണ്. ബുധനാഴ്‌ച ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത് മഹാരാഷ്‌ട്രയിലാണ്. 67,468 പുതിയ കേസുകളാണ് ഇന്നലെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. ഉത്തര്‍പ്രദേശില്‍ 33,106ഉം ഡല്‍ഹിയില്‍ 24,638ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. രാജ്യത്താകെ 3,14,835 പേര്‍ക്ക് ബുധനാഴ്‌ച കൊവിഡ് സ്ഥിരീകരിച്ചു. കേരളം, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, കര്‍ണാടക, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ബിഹാര്‍, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ആകെ ചികിത്സയിലുള്ള രോഗികളില്‍ 75.66 ശതമാനവുമുള്ളത്.
രാജ്യത്ത് നിലവില്‍ 22,91,428 രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണ്. രോഗമുക്തി നേടുന്നവരുടെ നിരക്ക് 84.46 ശതമാനവും മരണ നിരക്ക് 1.16 ശതമാനവുമാണ്.