ന്യൂഡൽഹി : കൊവിഡ് ഭേദമായി മൂന്ന് മാസത്തിന് ശേഷം വാക്സിന്‍ എടുക്കാമെന്ന് നാഷണൽ എക്സ്‌പേർട്ട് ഗ്രൂപ്പ് ഓൺ വാക്സിൻ അഡ്മിനിസ്ട്രേഷൻ ഫോർ കൊവിഡ്-19 (എൻഇജിവിഎസി). കൊവിഡ് സാഹചര്യത്തെയും ആഗോള ശാസ്ത്രീയ തെളിവുകളെയും അനുഭവങ്ങളെയും അടിസ്ഥാനമാക്കിയാണ് എൻജിവിസിയുടെ പുതിയ ശുപാർശയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. കൊവിഡ് ബാധിതർക്ക് സാർസ്-2 മോണോക്ലോണൽ ആന്‍റിബോഡികൾ നൽകി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത തിയ്യതി മുതൽ മൂന്ന് മാസം വരെ വാക്സിനേഷൻ മാറ്റിവയ്ക്കണമെന്ന് എൻഇജിവിഎസി പറഞ്ഞു. വാക്സിൻ സ്വീകരിച്ച് 14 ദിവസത്തിനുശേഷം ആർടി-പിസിആർ പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് സ്ഥിരീകരിക്കുന്ന വ്യക്തിയ്ക്ക് രക്തദാനം ചെയ്യാം. വാക്സിനേഷന് മുമ്പായി റാപ്പിഡ് ആന്‍റിജൻ ടെസ്റ്റ് (ആർഎടി) നടത്തേണ്ട ആവശ്യമില്ലെന്ന് എൻഇജിവിഎസി വ്യക്തമാക്കി. മറ്റ് രോഗങ്ങൾ ഉള്ളവരോ, ഐസിയു പരിചരണം വേണ്ടി വരുന്നവരോ എട്ട് ആഴ്ച വരെ വാക്‌സിനേഷനായി കാത്തിരിക്കണമെന്നും വിദഗ്ധ സമിതി പറഞ്ഞു.
Also Read: ഡോക്ടർമാരെ സംരക്ഷിക്കുന്നതിൽ മഹാരാഷ്ട്ര സർക്കാരിന് താല്‍പര്യം ഇല്ലെന്ന് മുംബൈ ഹൈക്കോടതി
മുലയൂട്ടുന്ന സ്‌ത്രീകൾക്കും എൻഇജിവിഎസി വാക്‌സിനേഷന് ശുപാർശ ചെയ്തിട്ടുണ്ട്. ഗർഭിണികളായ സ്ത്രീകൾക്ക് കൊവിഡ് വാക്സിനേഷൻ നൽകുന്നത് സംബന്ധിച്ച് നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ (എൻടിഎജിഐ) ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. ഇവ ഫലപ്രദമായി നടപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിർദേശിച്ചു. പ്രാദേശിക ഭാഷകളിലെ വിവരങ്ങളുടെയും ആശയവിനിമയത്തിന്‍റെയും എല്ലാ മാധ്യമങ്ങളും ഉപയോഗിച്ച് വിവരങ്ങൾ സേവന ദാതാക്കളിലേക്കും പൊതുജനങ്ങളിലേക്കും ഫലപ്രദമായി പ്രചരിപ്പിക്കുന്നത് ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. എല്ലാ തലങ്ങളിലുമുള്ളവർക്ക് വാക്സിനേഷൻ പരിശീലനം നൽകാനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.