ന്യൂഡൽഹി: ഗുജറാത്തില്‍ കൊവിഡ് മരണങ്ങളുടെ യഥാര്‍ഥ കണക്ക് പുറത്തു വരുന്നില്ലെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് പി. ചിദംബരം. സംസ്ഥാനത്ത് കൊവിഡ് മരണങ്ങൾ രേഖപ്പെടുത്താതെ ഹൃദയാഘാതം, വിട്ടുമാറാത്ത പ്രമേഹം എന്നിവ മൂലമാണ് ജനങ്ങൾ മരിക്കുന്നതെന്ന് തെറ്റായി രേഖപ്പെടുത്തുന്നതെന്ന മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടി കാണിച്ചു കൊണ്ടാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.
ഏപ്രിൽ 17 വെള്ളിയാഴ്‌ച ഗുജറാത്തിൽ 78 പേർ കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് ഒദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഏഴ് നഗരങ്ങളിൽ മാത്രം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 689 മൃതദേഹങ്ങൾ സംസ്‌കരിച്ചതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നതെന്നും അതാണ് ഗുജറാത്ത് മോഡൽ എന്നും ചിദംബരം വിമർശിച്ചു.
അതേ സമയം ഞായറാഴ്‌ച രാജ്യത്ത് 2,61,500 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,47,88,109 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് പ്രതിദിനം രണ്ട് ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്.