ന്യൂഡല്‍ഹി: കൊവിഡ് വെല്ലുവിളി അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ രണ്ടാഴ്‌ചക്കിടെ കൊവിഡ് കേസുകളിലുണ്ടായ വര്‍ധനവ് ജാഗ്രത പാലിക്കേണ്ടതിന്‍റെ ആവശ്യകതയാണ് സൂചിപ്പിക്കുന്നതെന്ന് മോദി പറഞ്ഞു. കൊറോണ വൈറസിനെതിരെയുള്ള ഏറ്റവും വലിയ സംരക്ഷണ കവചമാണ് വാക്‌സിനേഷന്‍ എന്നും മോദി കൂട്ടിച്ചേര്‍ത്തു.
അർഹരായ എല്ലാ കുട്ടികള്‍ക്കും എത്രയും വേഗം പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിനാണ് സര്‍ക്കാരിന്‍റെ മുന്‍ഗണന. രാജ്യത്തെ നിലവിലെ കൊവിഡ് സാഹചര്യം അവലോകനം ചെയ്യുന്നതിനായി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കൊവിഡ് പ്രതിരോധ നടപടികളെ കുറിച്ച് അവതരണം നടത്തി.
ജാഗ്രത പുലര്‍ത്തണം: ഒമിക്രോണും മറ്റ് ഉപവകഭേദങ്ങളുമാണ് യൂറോപ്പില്‍ ഉള്‍പ്പെടെ കൊവിഡ് കേസുകളിലെ വര്‍ധനവിന് കാരണമായതെന്ന് മോദി പറഞ്ഞു. പല രാജ്യങ്ങളേക്കാള്‍ മികച്ച രീതിയില്‍ കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. അതേസമയം, കഴിഞ്ഞ രണ്ടാഴ്‌ചക്കിടെ കൊവിഡ് കേസുകളിലുണ്ടായ വര്‍ധനവ് ജാഗ്രത പുലര്‍ത്തേണ്ടതിന്‍റെ ആവശ്യകതയാണ് ഓര്‍മിപ്പിക്കുന്നത്.
മൂന്നാം തരംഗത്തില്‍ ഒരു സംസ്ഥാനത്തും കൊവിഡ് വ്യാപനം നിയന്ത്രിക്കാനാകാത്ത സാഹചര്യമുണ്ടായില്ല. രാജ്യത്ത് പ്രതിദിനം മൂന്ന് ലക്ഷം കേസുകള്‍ സ്ഥിരീകരിക്കുന്ന വേളയിലും സാമൂഹിക, സാമ്പത്തിക പരിപാടികള്‍ അനുവദിച്ചു കൊണ്ടാണ് കൊവിഡിനെ എല്ലാ സംസ്ഥാനങ്ങളും കൈകാര്യം ചെയ്‌തത്. ഭാവിയിലും ഇത് തുടരാന്‍ നമുക്ക് കഴിയണം.
രാജ്യത്തെ പ്രായപൂര്‍ത്തിയായ 96 ശതമാനത്തിലധികം പേരും ആദ്യ ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചുവെന്നതും 15 വയസിന് മുകളിലുള്ള 84 ശതമാനം പേരും രണ്ട് ഡോസ് കുത്തിവയ്പ്പ് എടുത്തിട്ടുണ്ടെന്നതും അഭിമാനിക്കാന്‍ തക്ക നേട്ടമാണെന്ന് മോദി പറഞ്ഞു. വിദഗ്‌ധരുടെ അഭിപ്രായത്തില്‍ കൊറോണ വൈറസിനെതിരെയുള്ള ഏറ്റവും വലിയ സംരക്ഷണ കവചമാണ് വാക്‌സിനേഷന്‍. തുടക്കത്തിൽ തന്നെ അണുബാധ തടയുക എന്നതിനാണ് മുൻഗണന. ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ് എന്ന കൊവിഡ് പ്രതിരോധ തന്ത്രം തുടരുമെന്നും മോദി വ്യക്തമാക്കി.
Also read: രാജ്യത്ത് വീണ്ടും കൊവിഡ് വര്‍ധന; പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തി