ന്യൂഡൽഹി: ചില കിഴക്കൻ ഏഷ്യൻ, യൂറോപ്യൻ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് അതീവ ജാഗ്രതാ നിർദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രോഗ ലക്ഷണങ്ങളുള്ളവരെ ക്വാറന്‍റൈനിൽ പ്രവേശിപ്പിക്കണമെന്നും കൊവിഡ് പരിശോധനയുടെ എണ്ണം വർധിപ്പിക്കണമെന്നും മന്ത്രി നിർദേശം നൽകി.
ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ, ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി ഡോ രാജേഷ് ഗോഖലെ, ഫാർമസ്യൂട്ടിക്കൽസ് വകുപ്പ് സെക്രട്ടറി എസ് അപർണ, നീതി ആയോഗ് അംഗം (ആരോഗ്യം) വി കെ പോൾ ഉൾപ്പെടെയുള്ള മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ.ബൽറാം ഭാർഗവ, എയിംസ് ഡയറക്ടർ ഡോ.രൺദീപ് ഗുലേറിയ, എൻ.ടി.എ.ജി.ഐ.യുടെ കൊവിഡ് വർക്കിങ് ഗ്രൂപ്പ് ചെയർമാൻ ഡോ.എൻ.കെ. അറോറ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
ALSO READ: കൊവിഡില്‍ അനാഥരായ കുട്ടികള്‍ക്കുള്ള സാമ്പത്തിക സഹായം; 4,302 പേര്‍ അർഹരെന്ന് സ്‌മൃതി ഇറാനി
ചൈന, ദക്ഷിണ കൊറിയ, ഹോങ്കോംങ്, വിയറ്റ്നാം, സിംഗപ്പൂർ എന്നീ ഏഷ്യൻ രാജ്യങ്ങളിലും ചില യൂറോപ്യൻ രാജ്യങ്ങളിലുമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കൊവിഡ് കേസുകൾ വീണ്ടും വർധിച്ച് വരുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചൈനയിൽ ഏറ്റവും ഉയർന്ന രീതിയിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഹോങ്കോങ്ങിലും സ്ഥിതി രൂക്ഷമാണ്.